പ്രതിഷേധത്തെത്തുടർന്ന് പ്രവർത്തനം നിലച്ച ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്, കർശനമായ ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയായി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഫെസിലിറ്റേഷൻ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടേതാണ് സുപ്രധാന തീരുമാനം. മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ പ്രതിനിധികൾ പ്ലാന്റിൽ നടത്തിയ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്കരണം 25 ടണ്ണിൽനിന്ന് 20 ടണ്ണായി പരിമിതപ്പെടുത്തും. ദുർഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കും. പഴകിയ അറവ് മാലിന്യങ്ങൾ കൊണ്ടുവരുന്നത് പൂർണ്ണമായി നിരോധിക്കുകയും പുതിയ മാലിന്യം മാത്രം സംസ്കരിക്കുകയും ചെയ്യണം. പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങളുടെ കൃത്യമായ വിവരങ്ങൾ അധികാരികളെ അറിയിക്കണം. മലിനജല സംസ്കരണ പ്ലാന്റായ (ETP) ഇടിപിയുടെ പ്രവർത്തനം ഉറപ്പാക്കണം. ഇതിന്റെ ഭാഗമായി ഇടിപിയിലെ വെള്ളം ആഴ്ചയിലൊരിക്കൽ എൻ.ഐ.ടിയിൽ പരിശോധിപ്പിക്കും.
