ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 15 ആരംഭിച്ച് 23-ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങി ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 6-ന് സമാപിക്കും. ഈ വർഷം ക്രിസ്മസ് അവധി 12 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലെ രണ്ടാം വാള്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. 593 ടൈറ്റിലുകളിലായി 6 കോടി പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്. ഹയർ സെക്കണ്ടറി രണ്ടാം വർഷത്തെ ബ്രെയിലി പാഠപുസ്തകങ്ങളുടെ വിതരണവും പൂർത്തിയായി.
അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ വർഷം ‘സബ്ജക്ട് മിനിമം’ നടപ്പിലാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. 2027-ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇത് നടപ്പിലാക്കുന്നതാണ്. ഇതിനുപുറമെ, സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓരോ ഓട്ടിസം സെന്ററിനായും രണ്ടേമുക്കാൽ കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്.
