Home » Blog » Kerala » ‘കോൺഗ്രസ് സ്ഥാനാർഥിത്വം ലഭിച്ചത് ഭാഗ്യം, ചലച്ചിത്ര താരങ്ങളെയാരെയും നിർബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല’; രമേശ് പിഷാരടി
8

കൊച്ചി: തൃപ്പൂണിത്തുറക്കാരുടെയും സിറ്റിങ് എംഎൽഎ കെ.ബാബുവിന്റെയും അനുഗ്രഹം വാങ്ങി രമേഷ് പിഷാരടി പാലക്കാട്ടേക്ക്. നിലവില്‍ താമസിക്കുന്ന തൃപ്പൂണിത്തുറയിൽനിന്ന് വൈകിട്ട് നാലു മണിയോടെ പിഷാരടി പാലക്കാട്ടെത്തി പ്രചരണത്തിനു തുടക്കം കുറിക്കും. വിജയിച്ചാൽ, ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചെയ്ത നല്ല കാര്യങ്ങളുടെ തുടർച്ച തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് പിഷാരടി പറഞ്ഞു. പാലക്കാട്ടു വിജയിച്ചാൽ മമ്മൂട്ടിയെ അവിടെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടേക്ക് പുറപ്പെടുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയിൽനിന്ന് അനുഗ്രഹം വാങ്ങിയെന്നും ദിവസവും രാഷ്ട്രീയ വിഷയങ്ങളിലടക്കം അദ്ദേഹവുമായി ചർച്ചകൾ നടത്താറുണ്ടെന്നും പിഷാരടി പറഞ്ഞു. എന്നാൽ‍ ചലച്ചിത്ര താരങ്ങളെയാരെയും താൻ നിർബന്ധിച്ച് പ്രചാരണത്തിനു കൊണ്ടുവരില്ല. പാലക്കാട് തന്റെ ജന്മനാടാണ്. പാലക്കാട് ജില്ലയിലെ കുഴൽമന്ദത്താണ് അമ്മയുടെ നാട്. പിതാവ് ജോലിക്കായി വെള്ളൂരിലേക്ക് വന്നതുകൊണ്ട് പില്‍ക്കാലത്ത് തൃപ്പൂണിത്തുറയിൽ താമസമാക്കുകയായിരുന്നു. അതുകൊണ്ട് ‘ജനവിധി തേടി ജന്മനാട്ടിലേക്കാണു’ പോകുന്നത്.

എംഎൽഎമാരെന്ന നിലയിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പാലക്കാട്ട് വിപ്ലവാത്മകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. രാഹുൽ ചെയ്ത നല്ല കാര്യങ്ങളുടെ പിന്തുടർച്ച തന്റെ ഭാഗത്തു നിന്നുണ്ടാകും. ആരോപണങ്ങൾ ഉയർന്നപ്പോൾത്തന്നെ കോൺഗ്രസ്, മാങ്കൂട്ടത്തിലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്നു മാറ്റിയിരുന്നു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നു പറഞ്ഞത്, രാഹുലിനെ താൻ പിന്തുണയ്ക്കുന്നു എന്ന രീതിയിൽ മാധ്യമങ്ങൾ തലക്കെട്ടു കൊടുത്തതാണ്.

രാഹുൽ 13 വീടുകൾ വച്ചുകൊടുത്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്. എട്ടോ പത്തോ വീടുകൾ കൂടിയുള്ളത് നിർമാണം പാതിയിൽ നിൽക്കുകയാണ്. അതിനെ പിന്താങ്ങുന്നില്ല എന്നു പറയാൻ പറ്റില്ലല്ലോ. നല്ല കാര്യങ്ങൾ എന്തെല്ലാമുണ്ടോ, അതിനെ പിന്തുണയ്ക്കുകയുമാണ് മുന്നിലുള്ള കാര്യം – പിഷാരടി പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിത്വം ലഭിച്ചത് തന്റെ ഭാഗ്യമാണെന്നും ഇതിനു മുമ്പ് ഉപതിരഞ്ഞെടുപ്പുകളിൽ പേരുകൾ വരാറുണ്ടായിരുന്നെങ്കിലും തന്റെ സൗകര്യത്തിന് അനുസരിച്ച് ഇന്ന സ്ഥലത്ത് മത്സരിക്കും എന്ന് ആലോചിച്ചിട്ടില്ലെന്നും പിഷാരടി പറഞ്ഞു.