തിരുവനന്തപുരം: ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്നും നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? തമിഴ്നാട്ടിൽ ആരൊക്കെയാണ് ഒരുമിച്ച് മത്സരിക്കുന്നത്. ഇത്തരത്തിൽ കോണ്‍ഗ്രസും സിപിഎമ്മും ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടിയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് ഏത് സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ട് പറഞ്ഞത്? ഏതു സമുദായമാണെന്നൊന്നും പറയുന്നില്ല. എല്ലാവര്ക്കും അത് മനസിലാകും. എല്ലാവര്ക്കും ബുദ്ധിയുണ്ട്. ആ സമുദായത്തിന്റെ വോട്ട് നേടാൻ വിഡ്ഢിത്തരം പറഞ്ഞ് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ശ്രമം. എന്നാൽ, ജനങ്ങള്‍ക്ക് ഇവിടെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മതിയായെന്നും അവര്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
