ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്ക് ആ സന്തോഷം മണിക്കൂറുകൾ പോലും ആസ്വദിക്കാനായില്ല. ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ മിന്നും പ്രകടനത്തിലൂടെ കോഹ്ലിയെ മറികടന്ന് ഒന്നാം റാങ്ക് സ്വന്തമാക്കി.
റാങ്കിങ്ങിലെ നാടകീയത ഇങ്ങനെ
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 93 റൺസ് നേടിയതോടെയാണ് റാങ്കിങ്ങിൽ കോഹ്ലി ഒന്നാമതെത്തിയത്. അപ്പോൾ കോഹ്ലിക്ക് 785 പോയിന്റും രണ്ടാം സ്ഥാനത്തുള്ള മിച്ചലിന് 784 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. വെറും ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ രണ്ടാം മത്സരത്തിൽ കോഹ്ലിക്ക് വലിയൊരു ഇന്നിങ്സ് ആവശ്യമായിരുന്നു.
രണ്ടാം മത്സരത്തിൽ 29 പന്തിൽ 23 റൺസ് മാത്രം നേടി കോഹ്ലി പുറത്തായതോടെ ഒന്നാം റാങ്കിലേക്കുള്ള വഴി മിച്ചലിന് മുന്നിൽ തുറന്നു. രണ്ടാം ഇന്നിങ്സിൽ 25 റൺസിന് മുകളിൽ നേടിയാൽ ഒന്നാം റാങ്ക് ഉറപ്പായിരുന്ന മിച്ചൽ, ഉജ്ജ്വലമായ സെഞ്ച്വറിയോടെ തന്നെ ആ നേട്ടം കൈപ്പിടിയിലൊതുക്കി. നിലവിൽ രോഹിത് ശർമ്മയാണ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ളത്.
