Home » Blog » Kerala » ‘കൊച്ചു കൊച്ചു നികുതി കാര്യങ്ങള്‍’; മന്ത്രിയുമായി സംവദിച്ച് വിദ്യാര്‍ഥികള്‍
01C (5)

ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലുമായി ‘കൊച്ചു കൊച്ചു നികുതി കാര്യങ്ങള്‍’ പങ്കിട്ട് കൊട്ടാരക്കര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. പാഠഭാഗത്തില്‍ സാമ്പത്തികസാക്ഷരത ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം മുതല്‍ സംസ്ഥാനത്തെ നികുതി വിനിയോഗം വരെ ചര്‍ച്ചയായി.

നികുതിയുടെ പ്രാധാന്യം കുട്ടികള്‍ അറിഞ്ഞിരിക്കണം. കിട്ടുന്ന ചെറിയ തുക പോലും ശേഖരിച്ച് വയ്ക്കുന്നതിലൂടെ നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനാകും. പാഠപുസ്തകങ്ങള്‍ക്ക് ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഒന്നിനും ജി എസ് ടി ഈടാക്കുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സ്‌കൂള്‍-കോളജ് എന്നിവിടങ്ങളിലാണ്. വിദ്യാര്‍ഥിസംരംഭകരുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ-ഡിസ്‌ക് പോലെയുള്ള സംവിധാനങ്ങളുണ്ട്. നികുതി വിനിയോഗിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി മറുപടി പറഞ്ഞു.

 

കൊട്ടാരക്കര സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ്പങ്കെടുത്തത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ ബീഗം അധ്യക്ഷയായി. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിതാ ഗോപകുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എ.ഷാജു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.ആര്‍ രമേശ്, ജി എസ് ടി ഡിപ്പാര്‍ട്‌മെന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ അപര്‍ണ വില്‍സണ്‍, കൊട്ടാരക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. പ്രദീപ്, കൊട്ടാരക്കര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.ടി ഷൈജിത് തുടങ്ങിയവര്‍ പങ്കെടുത്തു.