മലയാളത്തിന്റെ പ്രിയ സാഹിത്യ സമ്പത്തായ എം.ടി. വാസുദേവൻ നായർ ഓർമ്മയായിട്ട് ഒരു വർഷം. ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഇരുവരും ഒരുമിച്ചുള്ള ഒരു പഴയ ചിത്രം പങ്കുവയ്ക്കുകയും “ഗുരുനാഥൻ” എന്ന് എം ടിയെ വിശേഷിപ്പിക്കുകയും ചെയ്തു.
ചിത്രത്തിൽ മമ്മൂട്ടിയുടെ കൈ മുറുക്കിപ്പിടിച്ചു പുഞ്ചിരിയോടെ നോക്കുന്ന എം.ടി. വാസുദേവൻ നായറുടെ സ്നേഹനിറഞ്ഞ മുഖമാണ് കാണുന്നത്. “പ്രിയ ഗുരുനാഥൻ വിടപറഞ്ഞിട്ട് ഒരു വർഷം. എന്നും ഓർമ്മകളിൽ…” എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണലിപികൾ ചേർത്ത കൂട്ടുകെട്ടുകളിലൊന്നാണ് എം.ടി.–മമ്മൂട്ടി കൂട്ടായ്മ. ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. തുടർന്ന് തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മലയാളിക്ക് സമ്മാനിച്ചു.
‘ഒരു വടക്കൻ വീരഗാഥ’യിലൂടെ മികച്ച തിരക്കഥയ്ക്കും മികച്ച നടനുമുള്ള ദേശീയയും സംസ്ഥാനവും ഉൾപ്പെടെയുള്ള പ്രധാന പുരസ്കാരങ്ങൾ ഇരുവരും സ്വന്തമാക്കിയിരുന്നു.എം.ടിയുടെ കഥകളെ ആസ്പദമാക്കി സീ ഫൈവിനായി ഒരുക്കിയ ആന്തോളജി സിനിമയിലും മമ്മൂട്ടി ഒരു ചിത്രത്തിലൂടെ നായകനായി. ‘കടുഗെണ്ണാവ ഒരു യാത്ര’ എന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്താണ്.
