തിരുവനന്തപുരം: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ സർക്കുലർ ഇറക്കി. പ്രതികളെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗ്ഗമായി ഒരു കാരണവശാലും കൈവിലങ്ങ് ഉപയോഗിക്കരുതെന്നും, കൊടുംകുറ്റവാളികൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തണമെന്നും നിർദേശമുണ്ട്.
വ്യക്തമായ 13 വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ട പ്രതികൾക്ക് മാത്രമേ ഇനി കൈവിലങ്ങ് അണിയിക്കാൻ പാടുള്ളൂ. ഇതിൽ പെടാത്ത കുറ്റാരോപിതർക്ക് വിലങ്ങ് അണിയിക്കാൻ പാടില്ല. സ്ഥിരം കുറ്റവാളികൾ, മുൻപ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയവർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ, അനധികൃതമായി ആയുധങ്ങളും വെടിമരുന്നുകളും കൈവശം വെച്ചവർ, കൊലപാതകക്കേസ് പ്രതികൾ, ബലാത്സംഗക്കേസ് പ്രതികൾ, ആസിഡ് ആക്രമണം നടത്തിയവർ, വ്യാജനോട്ട്/ നാണയ നിർമ്മാണം നടത്തുന്നവർ, മനുഷ്യക്കടത്ത് കേസുകളിലെ പ്രതികൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർ, രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്കാണ് കൈവിലങ്ങ് ധരിപ്പിക്കേണ്ടത്.
കൈവിലങ്ങ് അണിയിക്കുന്നതിന് മുൻപ് കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രതിയുടെ അക്രമസ്വഭാവം, രക്ഷപ്പെടാനുള്ള സാധ്യത എന്നിവ ബോധ്യപ്പെടണം. ഇതിന്റെ കൃത്യമായ കാരണം ജനറൽ ഡയറിയിലും രജിസ്റ്ററിലും രേഖപ്പെടുത്തുകയും കോടതിയെ ധരിപ്പിക്കുകയും വേണം. പ്രതികളെ വിലങ്ങണിയിച്ച് പരസ്യമായി പരേഡ് ചെയ്യിക്കാനോ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ അനാവശ്യമായി പ്രദർശിപ്പിക്കാനോ പാടില്ല. കൈവിലങ്ങ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
