വൈദ്യുതി നിയന്ത്രണം (പവർ കട്ട്) ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് പലയിടത്തും അനുഭവപ്പെടുന്ന വൈദ്യുതി തടസ്സം പവർ ഫെയിലിയർ മാത്രമാണെന്നും, അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഈ തടസ്സങ്ങൾ കുറച്ചുദിവസങ്ങൾ കൂടി തുടരാൻ സാധ്യതയുണ്ടെന്നും, ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. നിലവിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ വകുപ്പ് ഊർജിതമായി പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉപഭോഗം കുത്തനെ വർധിച്ചതിനെത്തുടർന്നുണ്ടാകുന്ന സാങ്കേതിക തകരാറുകളാണ് വൈദ്യുതി തടസ്സത്തിന് കാരണമെന്നായിരുന്നു മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നിലപാട്. പ്രസരണ ലൈനുകളിൽ അമിത സമ്മർദം അനുഭവപ്പെടുന്നത് കാരണം ലൈനുകൾ ട്രിപ്പ് ആകുന്നുണ്ടെന്നും, എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ പരമാവധി 15-20 മിനിറ്റിനുള്ളിൽ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
