Home » Blog » Kerala » കേരളത്തിൽ മേയ് 14 മുതൽ 16 വരെ ശക്തമായ മഴയ്ക്ക് സാധ്യത
23

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം (Low-Pressure Area) നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.

തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.