Home » Blog » Kerala » കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകം-മന്ത്രി എം.ബി രാജേഷ്  
WhatsApp Image 2026-02-18 at 2.14.02 PM (2)

കേരളത്തിന്റെ വളർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

മാങ്ങാട്ടുപറമ്പ് കെ എ പി ബറ്റാലിയൻ ഗ്രൗണ്ടിൽ സംസ്ഥാന തദ്ദേശ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന നേട്ടങ്ങളായി പരാമർശിക്കുന്ന കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ മാത്രമല്ല സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഒരുമിച്ച് കൈവരിച്ചിട്ടുള്ളതാണ്. ഇത് കേരളത്തിന്റെ വികസന പുരോഗതിയിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഉൾച്ചേർക്കുന്ന വികസനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അധികാരം താഴെ തട്ടിലേക്ക് വികേന്ദ്രീകരിച്ചു എന്നതാണ്. ആ അധികാരം പ്രയോഗിക്കാൻ ആവശ്യമായിട്ടുള്ള വിഭവങ്ങൾ താഴെതലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി എന്നത് പ്രധാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തദ്ദേശസ്ഥാപനങ്ങൾ വെറും സ്ഥാപനങ്ങൾ അല്ല പ്രാദേശിക സർക്കാരുകളാണ്. പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതാണ് കേരളം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങളുടെ പിന്നിലു ള്ള കാര്യം. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള വിഹിതം ഇതിനെയെല്ലാം സാധൂകരിക്കുന്നതാണ്.

 

2011-12 മുതൽ 2015-26 വരെ 29500 കോടി രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. 2016 17 മുതൽ 2020 21 വരെ കൈമാറിയ തുക 52648 കോടിയാണ്.

2021- 2026 വരെയുള്ള കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത് 70,526 കോടി രൂപയാണ്. ഈ നിലയിൽ ക്രമാനുഗതമായ വർദ്ധനവ് തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിത ഇനത്തിൽ കൈമാറിയ സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുക തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സംസ്ഥാനം കേരളമാണ് എന്നതും നാം ഇതിനോട് ചേർത്ത് വായിക്കണമെന്ന് മന്ത്രി പറഞ്ഞു.

 

വളരെ സുശക്തമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉണ്ടായതുകൊണ്ടാണ് കേരളം അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തത്. ഫലപ്രദമായ ഏകോപനത്തോട് കൂടി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പാക്കാനാവൂ. കേരളത്തിൽ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി താഴെത്തട്ടിൽ നിർവഹിച്ചത് തദ്ദേശസ്ഥാപനങ്ങളാണ്. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താൻ നാം സ്വീകരിച്ചത് പരമ്പരാഗതമായിട്ടുള്ള രീതിയല്ല. പഴുതടച്ച പങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഇത് സാധ്യമാക്കിയത്. ആരോഗ്യപരമായ മത്സരബുദ്ധിയോടെ ഓരോ തദ്ദേശ സ്ഥാപനവും അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയത് അഭിനന്ദനാർഹമാണ്. അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതാക്കിയ കേരളത്തെ, ലോകത്തിലെ ഏറ്റവും വിഖ്യാതമായ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ ‘ദി എക്കണോമിസ്റ്റ്’ ഇന്ത്യയുടെ വികസന ചാമ്പ്യനായാണ് വിശേഷിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

 

മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ കേരളത്തിന്റെ കൂട്ടായ പ്രവർത്തനങ്ങളിൽ ഒന്നാണ്. കേരളത്തിലെ എല്ലാ നഗരസഭകളുടെയും റാങ്ക് ആയിരത്തിന് താഴെ എത്തിക്കാൻ സാധിച്ചു.

ഒരു വാർഡിൽ മിനി എംസിഎഫ് സ്ഥാപിക്കാൻ കേരളത്തിൽ സാധിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് കേരളത്തിൽ മുൻപുണ്ടായിരുന്ന 7000 ത്തിൽ നിന്ന് 22838 മിനി എംസിഎഫുകൾ സ്ഥാപിക്കാൻ കഴിഞ്ഞു. നാട്ടിൽ ആകെ ഉണ്ടായ മാറ്റത്തെയാണ് ഇത് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.