കേരളം രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചത് ചരിത്ര നേട്ടമാണെന്ന് സി.പി.എം. നേതാവ് എം.എ. ബേബി അഭിപ്രായപ്പെട്ടു. രണ്ടാം പിണറായി സർക്കാർ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചതിൻ്റെ ഫലമായി 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കിയത്. രാഷ്ട്രീയ വേർതിരിവുകൾ ഉണ്ടെങ്കിലും കേരളം ഈ നേട്ടത്തിൽ ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തിരഞ്ഞെടുപ്പിൽ നൽകിയ സുപ്രധാന വാഗ്ദാനമായിരുന്നു എന്നും, അത് നടപ്പിലാക്കിയതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു.
