കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാനത്ത് വോട്ടെണ്ണലിനായുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായതായി ഡിജിപി റവാദ ചന്ദ്രശേഖർ അറിയിച്ചു. സുഗമമായ വോട്ടെണ്ണൽ ഉറപ്പാക്കാൻ 25 ബാച്ച് കേന്ദ്രസേനയെയാണ് നിയോഗിച്ചിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള പയ്യന്നൂർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തുമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി വ്യക്തമാക്കി.
വോട്ടെണ്ണൽ നടക്കാനിരിക്കെ രാഷ്ട്രീയ കേരളം വലിയ ആകാംക്ഷയിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായതോടെ യുഡിഎഫ് ക്യാമ്പുകൾ വലിയ ആത്മവിശ്വാസത്തിലാണ്. എന്നാൽ സർവ്വേ ഫലങ്ങളെല്ലാം തിരുത്തിക്കൊണ്ട് ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ വലിയ അട്ടിമറികൾ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
അതേസമയം, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ സൂചിപ്പിക്കുന്ന ‘ഫ്ലക്സ് യുദ്ധം’ ആരംഭിച്ചു കഴിഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി ഇടുക്കിയിലും കണ്ണൂരിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് കോൺഗ്രസിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചു.
