കോളിളക്കം സൃഷ്ടിച്ച കേതൻ അഗർവാൾ കൊലക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. കേസിലെ മുഖ്യപ്രതിയായ സിയ അഗർവാളിനെ നുണപരിശോധനയ്ക്ക് വിധേയയാക്കാൻ അനുമതി തേടി മുംബൈ പോലീസ് കോടതിയെ സമീപിച്ചു. കൊലപാതകത്തിൽ ദൃക്സാക്ഷികളോ വ്യക്തമായ സാഹചര്യത്തെളിവുകളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.കേതനെ താനാണ് മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന സിയയുടെ മൊഴി മാത്രമാണ് നിലവിൽ പൊലീസിന്റെ പക്കലുള്ള ഏക തുമ്പ്.
എന്നാൽ, ഈ മൊഴി മാത്രം വെച്ച് കുറ്റം കോടതിയിൽ തെളിയിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് കേസ് കൂടുതൽ ശക്തമാക്കാൻ പൊലീസ് നുണപരിശോധനയെ ആശ്രയിക്കുന്നത്. പ്രതികളായ സിയ ഗോയലിന്റെയും കാമുകൻ ചേതൻ ചൗധരിയുടെയും മൊഴികൾ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിലെ വൈരുദ്ധ്യങ്ങൾ പരിഹരിക്കാനും നിർണ്ണായകമായ പല വിവരങ്ങളും പുറത്തുകൊണ്ടുവരാനും നുണപരിശോധനയിലൂടെ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.
അതേസമയം, നുണപരിശോധനയുടെ നിയമവശങ്ങളെക്കുറിച്ച് സിയ ഗോയലിന്റെ അഭിഭാഷകൻ വിപുൽ ദുശിങ് രംഗത്തെത്തിയിട്ടുണ്ട്.
നുണപരിശോധനയുടെ ഫലം കോടതിയിൽ നേരിട്ടുള്ള തെളിവായി സ്വീകരിക്കാറില്ലെന്നും, ഇതിനായി നിയമപരവും സാങ്കേതികവുമായ ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പ്രതിയുടെ സമ്മതമില്ലാതെ നുണപരിശോധന നടത്താൻ കഴിയില്ലെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. കുറ്റകൃത്യത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ പൊലീസിന് നുണപരിശോധനയിലൂടെ സാധിക്കുമെങ്കിലും, നിയമപരമായ വെല്ലുവിളികൾ ഈ നീക്കത്തിന് മുന്നിലുണ്ട്.
