തിരുവനന്തപുരം: കെ.സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാൻ ബാക്കിയില്ലെന്ന് എം.കെ രാഘവൻ എംപി. കെ.സിക്കെതിരായ അക്രമണം പാർട്ടി അന്വേഷിക്കണം. ചെയ്തവർക്ക് ആത്മസുഖം ഉണ്ടാകട്ടെ. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉണ്ടായ തർക്കങ്ങളിലും കെ.സി വേണുഗോപാലിനെതിരെ ഉയർന്ന ആസൂത്രിത പ്രചാരണങ്ങളിലും പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു എം.കെ. രാഘവന്റെ പ്രതികരണം. കെ.സി വേണുഗോപാലിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ നടന്ന പ്രചാരണങ്ങൾ പാർട്ടി ഗൗരവമായി അന്വേഷിക്കണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ അടഞ്ഞ അധ്യായമാണെന്നും അത് ഇനി റീ-ഓപ്പൺ ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എടുത്ത തീരുമാനം അന്തിമമാണ്, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഭാഗത്തുനിന്നുള്ള പരിഭവങ്ങൾ ലീഡർഷിപ്പ് ഇരുന്ന് ചർച്ച ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂവെന്നും രാഘവൻ പ്രത്യാശ പ്രകടിപ്പിച്ചു.
