Home » Blog » kerala Max » കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് ഇനി സൌജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിയുടെ ടിക്കറ്റ് മാതൃക പുറത്തിറങ്ങി
ksrtc

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി. ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്നാണ് ബസുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ ബസുകളുടെ പിന്‍ഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് തുടങ്ങും. ഇതിനിടെ ബസ് ടിക്കറ്റിന്റെ മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.

മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ദിവസം ബസ് ഓടിക്കുക കെഎസ്ആര്‍ടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും. പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയാണ് ബസ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസിലെ കണ്ടക്ടറും വനിതയായിരിക്കും. 3,125 ബസ്സുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിവിഐപികള്‍ ബസ്സില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ മുതല്‍ സെക്രട്ടേറിയറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. ഇതിനിടെ കെഎസ്ആര്‍ടിസി സൗജന്യ യാത്രക്ക് ബാങ്ക് മുഖേന പണം ലഭ്യമാക്കുന്നതിന് നീക്കം തുടങ്ങി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ കെഎസ്ആര്‍ടിസിക്ക് ഓവര്‍ഡ്രാഫ്റ്റ് അനുവദിക്കാനാണ് നീക്കം.

മാസം ആദ്യം പണം കെഎസ്ആര്‍ടിസിക്ക് നല്‍കാനാണ് നീക്കം. മാസം അവസാനത്തോടെ പലിശ ഉള്‍പ്പെടെ സര്‍ക്കാര്‍ അടക്കും. ഇത് സ്ഥിരം സംവിധാനം ആക്കാനാണ് നീക്കം. ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മാസവസാനം പണം നല്‍കാമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം നേരത്തെ കെഎസ്ആര്‍ടിസി തള്ളിയിരുന്നു.ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയാണ് കെഎസ്ആര്‍ടിസി പുറത്ത് വിട്ടിരിക്കുന്നത്. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുക. ജൂണ്‍ 15 മുതല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേര്‍സിനും കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര അനുവദിക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.