നിർമ്മാണ രംഗത്തെ വിവിധ തുറകളിലുള്ള വിദഗ്ദരെ പങ്കെടുപ്പിച്ചു കൊണ്ട് വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും അഭിപ്രായ സമന്വയങ്ങൾക്കും ശേഷമാണ് കെട്ടിടനിർമ്മാണ ചട്ട ഭേദഗതികൾ നിലവിൽ വരുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ്. കെട്ടിടനിർമ്മാണ ചട്ടങ്ങളിലെ സുപ്രധാന ഭേദഗതികളും, ഇളവുകളും വിശദീകരിക്കാൻ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രിൻസിപ്പൽ ഡയറക്ടർ ചെയർമാനും ചീഫ് ടൗൺ പ്ലാനർ കൺവീനറും വിവിധ മേഖലകളിലെ പ്രതിനിധികൾ അംഗങ്ങളുമായുള്ള ഒരു 14-അംഗ കമ്മിറ്റി രൂപീകരിക്കുകയും പ്രസ്തുത കമ്മിറ്റി വിശദമായ ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയും തുടർന്ന് കരട് ചട്ട ഭേദഗതി തയ്യാറാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ചട്ടങ്ങൾ പല രീതിയിൽ വ്യാഖ്യാനിക്കാമായിരുന്ന സാഹചര്യം നിലനിന്നിരുന്നത് പൊതു ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുകയും അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നതിനെ സാരമായി ബാധിക്കുകയും ചെയ്തിരുന്ന സാഹചര്യങ്ങൾക്ക് അറുതിയാവുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ പ്രധാന ഭേദഗതികൾ വിശദീകരിച്ചു
അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന രീതിയിലുള്ള തരം കെട്ടിടങ്ങളുടെ ഗണത്തിൽ (ലോ റിസ്‌ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തിയും മറ്റു ഇളവുകൾ വരുത്തിയും ഭേദതികൾ വരുത്തി. ഇത് വഴി ഇനി ഭൂരിഭാഗം വരുന്ന നിർമ്മാണ അനുമതി അപേക്ഷകളും അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം അനുമതി ലഭ്യമാവുന്നതിനുള്ള വിപ്ലവകരമായ സാഹചര്യം നിലവിൽ വരുന്നു.
നിലവിൽ 300 ചതു. മീറ്റർ (3229.17 ചതു. അടി) വരെ വിസ്തീർണ്ണമുള്ളതും, 2 നില വരെയുള്ളതും, 7 മീറ്റർ ഉയരമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആയതിൽ ഉയരത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി. ഇത് വഴി ഏകദേശം എൺപത് ശതമാനത്തോളം വരുന്ന വീടുകൾക്കും ഇനി അപേക്ഷ സമർപ്പിച്ചാൽ നിമിഷങ്ങൾക്കകം കെട്ടിട നിർമ്മാണ അനുമതി ലഭ്യമാവുന്ന രീതിയിൽ ഇളവു വരുത്തി.
വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമ്മിറ്റ് ലഭ്യമാക്കുന്നതിനുള്ള വിസ്തീണ്ണത്തിന്റെ അളവ് ഗണ്യമായി വർദ്ധിപ്പിച്ചു. നിലവിൽ 100 ച.മീ വിസ്തീർണ്ണം വരെ എന്നായിരുന്നത് 250 ച.മീ ആയി ഉയർത്തി. ഇത് വഴി ഒട്ടനേകം ചെറുകിട/ ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവാൻ സാഹചര്യം ഒരുങ്ങി.
അപേക്ഷിച്ചാൽ ഉടൻ നിർമ്മാണ അനുമതി ലഭ്യമാവുന്ന ഇളവുകൾ കൂടുതൽ തരം വ്യവസായ കെട്ടിടങ്ങൾക്ക് കൂടി ബാധകമാക്കി. ജി-1 ഗണത്തിൽ, 200 ചതു. മീറ്റർ (2152.78 ചതു. അടി) വരെ വിസ്തൃതിയുള്ളതും, മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ് കാറ്റഗറിയിലും, ഗ്രീൻ കാറ്റഗറിയിലും ഉൾപെട്ടിട്ടിട്ടുള്ളതുമായ മുഴുവൻ വ്യവസായ ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അപേക്ഷിച്ചാൽ ഉടൻ പെർമിറ്റ് ലഭിക്കുന്ന രീതിയിൽ ചട്ടങ്ങൾ ഉദാരമാക്കി. ലൈസൻസ് ചട്ടങ്ങളിലെ ഇളവുകൾക്ക് പുറമേയുള്ള ഈ ഇളവും ചെറുകിട വ്യവസായ മേഖലയ്ക്ക് പുത്തൻ ഉണർവേകും.
