നിഖിൽ സിദ്ധാർത്ഥിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ബ്രഹ്മാണ്ഡ ചിത്രം ‘സ്വയംഭൂ’വിലെ ആവേശകരമായ ആദ്യ ഗാനം ഏപ്രിൽ 16-ന് പുറത്തിറങ്ങും. ‘കെജിഎഫ്’, ‘സലാർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ രവി ബസ്റൂർ സംഗീതം നൽകിയ “വാ വാ വീരവ” എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ‘വാരിയർ ആന്തം’ ആയിട്ടാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 985 എ.ഡിയിലെ ഇതിഹാസ യുദ്ധകഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.
ചുരുണ്ട മീശയും നീണ്ട മുടിയും പരുക്കൻ താടിയുമായി ഒരു കരുത്തനായ യോദ്ധാവിന്റെ രൂപത്തിലാണ് നിഖിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും കോർത്തിണക്കി മെഗാ കാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം നിഖിലിന്റെ കരിയറിലെ ഇരുപതാമത്തെ സിനിമയാണ്. കാർത്തികേയ 2-ന്റെ വൻ വിജയത്തിന് ശേഷം താരം വീണ്ടും ഒരു പാൻ ഇന്ത്യൻ വിസ്മയവുമായി എത്തുന്നത് ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മലയാളി താരം സംയുക്തയും നഭാ നടേഷും നായികമാരായി എത്തുന്ന ചിത്രത്തിൽ സുബ്ബരാജു, സുനിൽ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് കെ.കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും തമ്മി രാജു എഡിറ്റിംഗും നിർവ്വഹിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലായി സമ്മർ റിലീസായാണ് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിലെത്തുന്നത്. കിങ് സോളമൻ, സ്റ്റണ്ട് സിൽവ എന്നിവരുടെ നേതൃത്വത്തിലുള്ള ആക്ഷൻ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ആകർഷണം.
