തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങൾക്കിടെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസ്. കൂടിക്കാഴ്ചയ്ക്കായി സമയം തേടിയ ജൂലൈ 16 വ്യാഴാഴ്ച മുഖ്യമന്ത്രി കൊല്ലത്ത ഔദ്യോഗിക പരിപാടികളിലായിരുന്നു എന്ന കാര്യം അലോഷ്യസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ജൂലൈ 17 വെള്ളിയാഴ്ച മുഖ്യമന്ത്രി കൊച്ചിയിലായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം കൂടിക്കാഴ്ചയ്ക്കായി അലോഷ്യസ് സമയം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുന്ന വിശദീകരണം. അതിനിടെ, മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് അലോഷ്യസ് സേവ്യറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊച്ചിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
അതേസമയം അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലുള്ള കെഎസ്യു ഭാരവാഹികൾ ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമം നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് സമയം അനുവദിക്കുന്ന മുറയ്ക്ക് കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. മൂന്ന് ദിവസങ്ങൾക്ക് മുൻപ് തന്നെ കത്ത് മുഖേനയും ഫോണിലൂടെയും കൂടിക്കാഴ്ചയ്ക്കായി സമയം ആവശ്യപ്പെട്ടിരുന്നുവെന്ന് കെഎസ്യു വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഈ വിഷയത്തിൽ കെപിസിസി നേതൃത്വം നേരിട്ട് ഇടപെടണമെന്ന ആവശ്യവും കെഎസ്യു ഉന്നയിച്ചേക്കും. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും പോഷക സംഘടനകൾക്കുമിടയിലെ ചേരിപ്പോര് രൂക്ഷമാകുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം അടിയന്തരമായി ഇടപെടുകയാണ്.
നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ പരിധി വിടുന്ന പശ്ചാത്തലത്തിൽ, ഇനിമേൽ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് അലോഷ്യസ് സേവ്യർ അടക്കമുള്ള നേതാക്കൾക്ക് കെപിസിസി കർശന നിർദ്ദേശം നൽകും. താൻ പഠിച്ച കലാലയത്തിൽ വെച്ച് മുഖ്യമന്ത്രി തന്നെ പരസ്യമായി അവഗണിച്ചതിൽ അലോഷ്യസ് സേവ്യർക്ക് കടുത്ത അമർഷമുണ്ടെന്നാണ് കെഎസ്യു കേന്ദ്രങ്ങൾ നൽകുന്ന സൂചന. എങ്കിലും, വിഷയം മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ സാഹചര്യത്തിൽ പാർട്ടി നിർദ്ദേശം മാനിച്ച് തൽക്കാലം പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിന്മാറാൻ തന്നെയാണ് അലോഷ്യസിന്റെയും തീരുമാനം.
