Home » Blog » kerala Max » കെഎസ്ആർടിസിയുടെ പുതിയ പദ്ധതികൾക്ക് സമാനമായി തങ്ങൾക്കും ആനുകൂല്യങ്ങൾ വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ
chilima-110

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി ഒരു മാസം പിന്നിട്ടതോടെ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. ദിവസേന 1,000 രൂപ മുതൽ 4,000 രൂപ വരെ കളക്ഷൻ കുറഞ്ഞതോടെ സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് മനോജ് മൂത്തേടൻ എം.എൽ.എ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 1200-ഓളം സ്വകാര്യ ബസുകളുടെ ദിവസ വരുമാനം ഗണ്യമായി കുറഞ്ഞു. ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും നൽകാൻ കഴിയാതെ വരുന്നത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷമുള്ള സർവീസുകൾ റദ്ദാക്കുകയാണ്. നഷ്ടം നികത്താൻ പല ബസുകളിലും ഡോർ ചെക്കർമാരെ ഒഴിവാക്കിത്തുടങ്ങി. സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് വഴി ദിവസം 108 മുതൽ 150 രൂപ വരെ മാത്രമാണ് ആനുകൂല്യം. എന്നാൽ പ്രതിമാസം 50,000 രൂപയോളം വായ്പ തിരിച്ചടവുള്ള ബസുകൾക്ക് ഈ ഇളവ് ഒട്ടും പര്യാപ്തമല്ല.

പ്രിയദർശിനി പദ്ധതി വഴി അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്ന രീതിയിൽ പ്രത്യേകം ‘പിങ്ക് ബസുകൾ’ ഏർപ്പെടുത്തുക. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രക്കായി സീറോ ടിക്കറ്റ് സംവിധാനം നടപ്പാക്കുകയും, ഇതിന്റെ നഷ്ടപരിഹാരം സർക്കാർ നേരിട്ട് ഉടമകൾക്ക് നൽകുകയും ചെയ്യുക. തിരക്കേറിയ സമയങ്ങളിൽ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഗ്രാമീണ റൂട്ടുകളിൽ നിന്ന് പദ്ധതി ഒഴിവാക്കുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ. പ്രശ്ന പരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തുടർസമരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 27-ന് കോതമംഗലം, 28-ന് മൂവാറ്റുപുഴ, 29-ന് കൊച്ചി, 30-ന് പിറവം, 31-ന് അങ്കമാലി, ഓഗസ്റ്റ് 3-ന് കാക്കനാട് എന്നിവിടങ്ങളിൽ ഭാരവാഹികൾ ധർണ നടത്തും.