ലോകേഷ് കനകരാജ് – രജനികാന്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ‘കൂലി’. ചിത്രത്തിൽ ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിച്ചതിൽ നടൻ ആമിർ ഖാന് കുറ്റബോധമുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് നടൻ വിഷ്ണു വിശാൽ പറഞ്ഞിരിക്കുയാണ്. ആമിർ ഖാൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയതായി വിഷ്ണു വിശാൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
“കൂലി സിനിമയുമായി ബന്ധപ്പെട്ട് ആമിർ സാർ ഒടുവിൽ ഒരു പ്രസ് റിലീസ് വരെ പുറത്തുവിട്ടിരുന്നു. ആരോ പടച്ചുവിട്ട ഒരു പേപ്പർ കട്ടിംഗ് ആണ് ഈ വാർത്തകൾക്കെല്ലാം കാരണം. കൂലിയിൽ അഭിനയിച്ചതിൽ അദ്ദേഹത്തിന് ഒരിക്കലും കുറ്റബോധമില്ലെന്ന് എന്നോട് പറഞ്ഞു. രജനികാന്ത് സാറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് താൻ കൂലിക്ക് സമ്മതം മൂളിയതെന്നും അദ്ദേഹം എന്നോട് പങ്കുവെച്ചു.
അങ്ങനെയൊരു അഭിമുഖം താൻ എവിടെയും നൽകിയിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ആ വ്യാജ പേപ്പർ കട്ടിംഗിന്റെ ഫോട്ടോ അയച്ചുകൊടുത്തപ്പോഴാണ് അദ്ദേഹത്തിന് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. അതുകൊണ്ടാണ് പ്രസ് റിലീസ് പുറത്തിറക്കേണ്ടി വന്നത്. രജനി സാറിനൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ട്,” വിഷ്ണു വിശാൽ വ്യക്തമാക്കി.
അതേസമയം വിഷ്ണു വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ആര്യൻ’ ഒക്ടോബർ 31-ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ സംവിധായകൻ പ്രവീൺ കെയാണ്. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്.
