Home » Blog » Kerala » ​’കുറ്റവാളികളെ വിട്ട് ആപ്പുകൾ പൂട്ടുന്നു’; കേന്ദ്രത്തിന്റെ ടെലിഗ്രാം നിരോധനത്തിനെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി
rahul-gandhi

നീറ്റ് പുനഃപരീക്ഷയോടനുബന്ധിച്ച് ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന്റെ വാതിലിൽ പൂട്ടുപൂട്ടിടുന്നതുപോലെയാണ് കേന്ദ്രത്തിന്റെ ഈ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു. ടെലഗ്രാം നിരോധനം ഒട്ടും പ്രായോഗികമല്ലെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.

 

പഠനാവശ്യങ്ങൾക്കും നോട്ട്സ് പങ്കുവെക്കുന്നതിനും ചർച്ചകൾക്കുമായി ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ടെലഗ്രാമിനെ ആശ്രയിക്കുന്നത്. ഈ സൗകര്യം തട്ടിയെടുക്കുന്നത് എങ്ങനെയാണ് ചോദ്യപേപ്പർ ചോർച്ച തടയാനുള്ള പരിഹാരമാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. അടുത്തതായി വാട്സാപ്പിനെയാണോ നിരോധിക്കാൻ പോകുന്നതെന്നും രാഹുൽ ഗാന്ധി പരിഹാസരൂപേണ ആരാഞ്ഞു.

 

പരീക്ഷാ ദിവസം വിദ്യാർത്ഥികളെ കർശനമായി പരിശോധിക്കുന്നതും, വസ്ത്രങ്ങൾ മുറിച്ചുമാറ്റുന്നതും, വ്യോമസേന ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചോദ്യപേപ്പർ എത്തിക്കുന്നതുമൊക്കെ നാടകീയതകൾ മാത്രമാണ്. എന്നാൽ പരീക്ഷാ മാഫിയകളെ തടയാൻ ഒരു നടപടിയും കേന്ദ്രം സ്വീകരിക്കുന്നില്ല. സർക്കാരിന്റെ മൂക്കിന് താഴെയാണ് ഇത്തരം മാഫിയകൾ വളരുന്നത്. മോദി സർക്കാർ ഈ നാടകങ്ങൾ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളെയല്ല, പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള മാഫിയകളെയാണ് അടിച്ചമർത്തേണ്ടതെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. നീറ്റ് പുനഃപരീക്ഷ നടക്കേണ്ട ഈ മാസം 21ന് മുന്നോടിയായി 22 വരെയാണ് ടെലഗ്രാമിന് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.