കുടുംബശ്രീ പ്രീമിയം കഫേയുടെ ഔട്ട്ലെറ്റ് കൊട്ടാരക്കരയിൽ ആരംഭിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നഗരസഭയിലെ കുടുംബശ്രീ സിഡിഎസ് വാർഷികം, ചലനം മെമ്പർഷിപ്പ് അർബൻ സമ്മിറ്റ് എന്നിവയുടെ ഉദ്ഘാടനം കൊട്ടാരക്കര സർക്കാർ എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 25 വർഷമായി വിവിധമേഖലകളിൽ വിജയകരമായി കുടുംബശ്രീ കൂട്ടായ്മകൾ പ്രവർത്തിച്ചുവരുന്നു. യുവസംരംഭകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ ആരംഭിക്കുന്നുമുണ്ട്. 300 കോടി രൂപയോളമാണ് കുടുംബശ്രീയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ധനസഹായമായി നൽകുന്നത്. ചെണ്ട, പഞ്ചാരിമേളം, പഞ്ചവാദ്യം തുടങ്ങിയ വാദ്യമേളകളിലും കുടുംബശ്രീ അംഗങ്ങളുടെ പ്രാതിനിധ്യമുണ്ട്.
കൊട്ടാരക്കരയിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ കുടുംബശ്രീ പ്രവർത്തകരിലൂടെ ആവിഷ്കരിക്കും. തിരുവനന്തപുരത്ത് കുടുംബശ്രീക്ക് ആസ്ഥാനകാര്യാലയം നിർമ്മിക്കുന്നതിന് സ്ഥലംഏറ്റെടുക്കുകയാണ്.
ജില്ലയിലെ 25 വിപണികളിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് കൊട്ടാരക്കരയിലാണ്. 25 ലക്ഷം രൂപയുടെ കാർഷികോല്പന്നങ്ങൾ വിൽക്കുന്ന കർഷകർ ഇവിടെയുണ്ട്. നല്ല റോഡുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവ നിർമിച്ച് കഴിഞ്ഞ അഞ്ചുവർഷം കൊട്ടാരക്കര മുനിസിപ്പാലിറ്റിയും മികച്ച പ്രവർത്തനം കാഴ്ചവച്ചു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ്, തൃക്കണ്ണമംഗലം എന്നിവിടങ്ങളിൽ വെൽനസ് സെന്റർ തുടങ്ങിയതോടെ താലൂക്ക് ആശുപത്രിയിൽ പോകാതെ തന്നെ ഡോക്ടർമാരുടെ സേവനവും മരുന്നും ലഭ്യമാകും. കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ 12 കോടി രൂപ ചിലവിൽ 30 പേർക്ക് കിടക്കാവുന്ന ആയുർവേദ ആശുപത്രി നിർമ്മാണം പുരോഗമിക്കുകയാണ്. കെഐപിയുടെ രവി നഗറിലെ 50 സെന്റ് സ്ഥലത്ത് മുനിസിപ്പാലിറ്റിക്ക് കെട്ടിടം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
