സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖാന്തിരം 2018 മുതൽ നടപ്പിലാക്കി വരുന്ന പി കെ കാളൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച രത്നമ്മ മഹേശന്റെ ഭവനത്തിൻ്റെ താക്കോൽ ദാനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ രത്നമ്മ മഹേശന് പട്ടിക വർഗ്ഗ വകുപ്പ് അനുവദിച്ചു നൽകിയ വീടിൻ്റെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതെ വരികയും ഗുണഭോക്താവ് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മകൾ രാജിയും വിദ്യാർഥികളായ രണ്ടു പെൺമക്കളുമായി വീടില്ലാതെ വാടക വീടുകളിൽ ബുദ്ധിമുട്ടി കഴിയുകയായിരുന്നു. പി പി ചിത്തരഞ്ജൻ എം എൽ എയുടെ ഇടപെടലിനെ തുടർന്നാണ് പികെ കാളൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടിൻ്റെ നിർമ്മാണം കുടുംബശ്രീ ഏറ്റെടുത്തത്. നാലര ലക്ഷം രൂപയാണ് തുടർപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ടി അംബുജാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ മോൾജി ഖാലിദ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗങ്ങളായ രശ്മി, ഷീല സുരേഷ് , ശരത് മോൻ, മാരാരിക്കുളം തെക്ക് സിഡിഎസ് ചെയർപേഴ്സൺ ജി ലളിത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
