വൈക്കത്തിനടുത്ത് തോട്ടുവക്കം പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം. അപകടത്തിൽ മരിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഡോ. അമൽ സൂരജ് (33) ആണ്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു ഇദ്ദേഹം.
ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ കനാലിൽ മറിഞ്ഞ നിലയിൽ ഇന്ന് രാവിലെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. അധികൃതരെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് ഡോ. അമൽ സൂരജിൻ്റെ മൃതദേഹം കണ്ടെടുത്തത്.
പ്രാഥമിക നിഗമനമനുസരിച്ച്, കഴിഞ്ഞ ദിവസം രാത്രിയിലോ പുലർച്ചെയോ ആകാം കാർ വെള്ളത്തിൽ വീണത്. മൃതദേഹം നിലവിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം തുടർ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് പോലീസ് അറിയിച്ചു
