കൊല്‍ക്കൊത്ത: ബംഗാളില്‍ ബിജെപി സർക്കാരിനെ വെട്ടിലാക്കി ഹിന്ദു വ്യാപാരികൾ. സുവേന്ദു അധികാരി അധികാരത്തിലെത്തിയതോടെ, കശാപ്പ് നിരോധന നിയമം കര്‍ശനമാക്കി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദുക്കളായ കാലിക്കച്ചവടക്കാര്‍. പൊലീസിന്റെ കര്‍ശന നടപടികളും പരിശോധനകളും ഭയന്ന് കന്നുകാലികളെ വാങ്ങാന്‍ വിപണിയിലേക്ക് ആളുകളെത്താത്ത സാഹചര്യമാണ്. ഹിന്ദു കന്നുകാലി വില്‍പ്പനക്കാരെ മുസ്ലിംകള് നിരുത്സാഹപ്പെടുത്തി തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബലി പെരുന്നാളിനോടനുബന്ധിച്ച് പശുക്കളെ വാങ്ങരുതെന്നും പകരം ആടിനെ അറുത്താല്‍ മതിയെന്നുമുള്ള ആഹ്വാനങ്ങളും പ്രചരിക്കുന്നുണ്ട്.
“എന്തുകൊണ്ടാണ് മുസ്ലിംകള്ക്ക് പശുവിനെ വില്ക്കാന് ബിജെപി ഞങ്ങളെ അനുവദിക്കാത്തത്? ബക്രീദിനായി ഈ മൃഗങ്ങളെ വളര്‍ത്തി വില്ക്കാന് ഞാന്‍ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതാണ്. മുസ്ലിംകള് ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല. അപ്പോള്‍ എന്തിനാണ് ബിജെപി മുസ്ലിംകളുമായി വ്യാപാരം ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നത്? അതിന് പകരം ഞങ്ങള്‍ക്ക് വിഷം തന്നാല്‍ മതി…” -വായ്പയെടുത്ത് പശുവിനെ വാങ്ങി വളര്‍ത്തിയ ഹിന്ദു സ്ത്രീയുടെ വാക്കുകള്‍
ഈദ് വില്‍പ്പനക്കായി വലിയ തുക കടമെടുത്താണ് തങ്ങള്‍ കന്നുകാലികളെ വാങ്ങി വളര്‍ത്തിയതെന്ന് വിവിധ സമുദായങ്ങളില്‍പ്പെട്ട വ്യാപാരികള്‍ പറയുന്നു. നിയമനടപടികള്‍ ഭയന്ന് ആരും പശുക്കളെ വാങ്ങാന്‍ കൂട്ടാക്കാത്തതിന് ബിജെപി സര്‍ക്കാര്‍ തന്നെയാണ് കാരണക്കാരെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
പശുവിനെ വില്ക്കുന്നതില് നിന്ന് കന്നുകാലി വില്‍പ്പനക്കാരെ മുസ്ലിംകള് നിരുത്സാഹപ്പെടുത്തുന്നുണ്ട്. “നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ (ഗോമാതാ) വില്ക്കാന് ശ്രമിക്കുന്നത്? തിരികെ വീട്ടിലെത്തിച്ച് സംരക്ഷിക്കൂ. പശുക്കളെ വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാം, പക്ഷേ (നിയമം ലംഘിച്ചാല്‍) ഞങ്ങളാണ് ഇവിടെ ജയിലിലാകുന്നത്” – എന്നാണ് പ്രചരിക്കുന്ന ഒരു വിഡിയോയില്‍ യുവാക്കള്‍ വ്യാപാരികളോട് പറയുന്നത്. ഈ ബക്രീദിന് കന്നുകാലികളെ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് നിരവധി മുസ്ലിം ഇന്‍ഫ്ളുവന്‍സര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ബലി കര്‍മത്തിന് ആടിനെ അറുക്കാനുള്ള ആഹ്വാനങ്ങളുമുണ്ട്.
വില്‍പ്പനക്കായി കന്നുകാലികളെ കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി ഡൈവറെ ചോദ്യം ചെയ്യുന്നതാണ് വൈറലാകുന്ന മറ്റൊരു വിഡിയോ. ‘നിങ്ങള്‍ എന്തിനാണ് നിങ്ങളുടെ അമ്മയെ ഇത്തരത്തില്‍ കെട്ടിയിട്ട് മനുഷ്യത്വ രഹിതമായി കടത്തുന്നത്. പകരം ബഹുമാനത്തോടെ നടത്തിക്കൂ’ എന്നാണ് വീഡിയോയിലുള്ളത്.
ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ നടപടികളിലൊന്നായിരുന്നു 1950ലെ സംസ്ഥാന മൃഗ കശാപ്പ് നിയന്ത്രണ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന പ്രഖ്യാപനം. 14 വയസ് തികഞ്ഞ മൃഗങ്ങളെ മാത്രമേ നിയമപരമായി കശാപ്പ് ചെയ്യാന്‍ അനുവദിക്കൂവെന്നും മൃഗത്തിന് മുനിസിപ്പാലിറ്റിയുടെയോ പഞ്ചായത്ത് സമിതിയുടെയോ തലവനും സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനും സംയുക്തമായി നല്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നുമുള്ള നിയമങ്ങളാണ് ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമായതോടെ കന്നുകാലി ചന്തകളില്‍ കച്ചവടം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഒരു വരുമാനവുമില്ലാതെ, കന്നുകാലികളുമായി ചന്തകളില്‍നിന്ന് മടങ്ങുന്ന ഹിന്ദു കന്നുകാലി വളര്ത്തുകാരുടെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. പശു സംരക്ഷണത്തിന്റെ പേരില്‍ കൊണ്ടുവന്ന നിയമം ഒടുവില്‍ തങ്ങളുടെ തന്നെ ഉപജീവനമാര്‍ഗം തകര്‍ത്തിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
