Home » Blog » kerala Max » കളിക്കളത്തിൽ ഉറങ്ങുകയാണോ? സൺറൈസേഴ്‌സിനോടേറ്റ തോൽവിയിൽ മുംബൈയെ വലിച്ച് കീറി അശ്വിൻ
ravichandran-ashwin-14_10_2023

പിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോടേറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്തെത്തി. മുംബൈ ഉയർത്തിയ 243 റൺസ് എന്ന കൂറ്റൻ സ്കോർ 19-ാം ഓവറിൽ തന്നെ ഹൈദരാബാദ് മറികടന്നിരുന്നു. മത്സരത്തിലെ ടീമിന്റെ അശ്രദ്ധയാണ് ഹൈദരാബാദിനെതിരായ തോൽവിക്ക് പ്രധാന കാരണമെന്ന് അശ്വിൻ തന്റെ ‘ആഷ് കി ബാത്ത്’ എന്ന പരിപാടിയിലൂടെ വ്യക്തമാക്കി.

മത്സരത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകേണ്ടിയിരുന്ന ട്രാവിസ് ഹെഡിന്റെ വിക്കറ്റിനായി മുംബൈ താരങ്ങൾ അപ്പീൽ ചെയ്യാതിരുന്നതിനെ അശ്വിൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ട്രാവിസ് ഹെഡിന്റെ ബാറ്റിംഗിനിടെ പന്ത് ബാക്കിൽ തട്ടി പോയിട്ടും മുംബൈ താരങ്ങൾ മൈതാനത്ത് ഉറങ്ങുകയാണോ എന്ന് അദ്ദേഹം പരിഹസിച്ചു. ആ വിക്കറ്റ് കൃത്യസമയത്ത് വീഴ്ത്തിയിരുന്നെങ്കിൽ പവർപ്ലേ സ്കോർ കുറയ്ക്കാമായിരുന്നുവെന്നും മുംബൈ വിജയിക്കുമായിരുന്നുവെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

മത്സരത്തിൽ വെറും 30 പന്തുകളിൽ നിന്ന് 76 റൺസാണ് ട്രാവിസ് ഹെഡ് അടിച്ചുകൂട്ടിയത്. പത്തൊൻപതാം ഓവറിലെ നാലാം പന്തിൽ 249 റൺസ് എടുത്താണ് ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നത്. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമുള്ള മുംബൈ ഇന്ത്യൻസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.