Home » Blog » Kerala » ​’കറുപ്പ്’ റിലീസിനായി എടുത്തത് ഭീമമായ കടങ്ങൾ; പ്രതിസന്ധിഘട്ടത്തിൽ താങ്ങായി നിന്ന ഭാര്യ ജ്യോതികയ്ക്ക് നന്ദി പറഞ്ഞ് സൂര്യ.
Retro_audio_launch_-_Suriya

സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് താരം. പത്തുവർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് ബോക്സ് ഓഫീസിൽ വലിയൊരു വിജയം സമ്മാനിച്ച ചിത്രമായിരുന്നു ഇത്. എന്നാൽ പ്രഖ്യാപിച്ച ദിവസം റിലീസ് ചെയ്യാൻ സാധിക്കാത്തത് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

 

‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക്’ നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ഭാര്യ ജ്യോതികയ്ക്ക് സൂര്യ നന്ദി അറിയിച്ചത്. സിനിമയുടെ അവസാന ഘട്ടത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും നിരവധി ലോണുകൾ എടുക്കേണ്ടി വരികയും ചെയ്തുവെന്ന് സൂര്യ വ്യക്തമാക്കി. “ഒരിക്കൽ കൂടി ഇവൾക്ക് നന്ദി പറയുകയാണ്. സിനിമയുടെ അവസാന സമയത്ത് എനിക്ക് ഒരുപാട് ലോൺ എടുക്കേണ്ടി വന്നു. ആ സമയത്ത് ഇവൾ എന്നെ വിശ്വസിക്കുകയും അതിന് അനുവാദം നൽകുകയും ചെയ്തു,” സൂര്യ പറഞ്ഞു.

 

“എന്തെങ്കിലും സംഭവിച്ചാൽ കുടുംബം എന്ന നിലയിൽ ഞങ്ങൾക്കായിരിക്കും ബുദ്ധിമുട്ട്. ചിലപ്പോഴൊക്കെ കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമായിരിക്കും. എങ്കിലും ഇത് ചെയ്യാനാകുമെന്നും ലോൺ തിരിച്ചടയ്ക്കാനാകുമെന്നും വിശ്വസിച്ചുള്ള ഒരു വലിയ ചുവടുവെപ്പായിരുന്നു അത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

വെങ്കി അറ്റ്ലൂരി ചിത്രവുമായി സൂര്യ

അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ആണ് സൂര്യയുടെ പുതിയ ചിത്രം. മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14-നാണ്. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് നിർമ്മാണം. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ ‘പട്ടാമ്പൂച്ചി’ എന്ന ആദ്യ ഗാനം ഇതിനോടകം സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. റിലീസിന് മുൻപ് തന്നെ 300 കോടിയുടെ പ്രീ-റിലീസ് ബിസിനസ് നേടി കരിയറിലെ ഏറ്റവും വലിയ റെക്കോർഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.