Home » Blog » Top News » കണ്ണൂർ പൈതൃകോത്സവം ജനുവരി ഒന്നു മുതൽ ആറ് വരെ
IMG_20251229_181727

കേരള പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ പൈതൃകോത്സവം ജനുവരി ഒന്ന് മുതൽ ആറ് വരെ നടക്കും. കണ്ണൂർ നഗരത്തിലും സമീപ പ്രദേശങ്ങളായ മുണ്ടേരി, അറക്കൽ, ബർണ്ണശ്ശേരി എന്നിവിടങ്ങളിലുമാണ് പൈതൃകോത്സവം അരങ്ങേറുന്നത്.

കണ്ണൂരിന്റെ ചരിത്ര സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം രൂപീകരിക്കുക, പൈതൃക സംരക്ഷണത്തിന്റെ ആവശ്യകത എത്തിക്കുക എന്നീ ഉദ്ദേശത്തോടെയാണ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, കലാവതരണങ്ങൾ, പൈതൃക പദയാത്ര എന്നിവ സംഘടിപ്പിക്കും.

കലക്ട്രേറ്റ് മൈതാനത്ത് ഒരുക്കുന്ന പ്രധാന വേദിയിൽ ജനുവരി നാലിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. തുടർന്ന് ആറങ്ങോട്ടുകര വയലി ബാംബൂ ബാന്റ് അവതരിപ്പിക്കുന്ന ബാംബൂ സംഗീതം അരങ്ങേറും.

ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് പ്രഭാഷണവും തുടർന്ന് രശ്മി സതീഷും സംഘവും നയിക്കുന്ന സംഗീത നിശയും വേദിയിൽ നടക്കും. ജനുവരി ആറിന് വൈകീട്ട് അഞ്ച് മണിക്ക് ‘പൈതൃകങ്ങൾ: മാറുന്ന സാംസ്കാരിക സാഹചര്യത്തിൽ’ എന്ന വിഷയത്തിൽ ഡോ. കെ.എം അനിൽ പ്രഭാഷണം നടത്തും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ളിയേരിയും ചേർന്ന് അവതരിപ്പിക്കുന്ന ജുഗൽബന്ധി അരങ്ങേറും.

ജനുവരി നാല് മുതൽ ആറ് വരെ ഗാന്ധിജിയുടെ ജീവിതം പ്രമേയമാകുന്ന പ്രത്യേക പ്രദർശനവും മൂന്നു വകുപ്പുകളുടെ നേതൃത്വത്തിലുള്ള പൈതൃക പ്രദർശനവും മഹാത്മാ മന്ദിരത്തിൽ നടക്കും.

പൈതൃകോത്സവത്തിന്റെ ഭാഗമായി മുണ്ടേരി, അറക്കൽ, ബർണ്ണശ്ശേരി എന്നിവിടങ്ങളിൽ ജനുവരി ഒന്ന് മുതൽ മൂന്ന് വരെ വിവിധ പരിപാടികൾ നടക്കും. ജനുവരി ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് മുണ്ടേരി കാഞ്ഞിരോട് മുദ്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ആർ. എൽ. വി. രാമകൃഷ്ണൻ സോദാഹരണ പ്രഭാഷണം നടത്തും. തുടർന്ന് പുഷ്പവതി അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.

കണ്ണൂരിന്റെ പ്രാദേശിക ചരിത്രം വിഷയമാക്കിയുള്ള ഏകദിന സെമിനാർ ജനുവരി രണ്ടിന് രാവിലെ പത്ത് മണിക്ക് സി.എസ്.ഐ ഇംഗ്ലീഷ് ചർച്ചിൽ നടക്കും. രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സെമിനാർ ഉദ്ഘാടനം ചെയ്യും. ഡോ. മാളവിക ബിന്നി മുഖ്യപ്രഭാഷണം നടത്തും. ഡോ. എം.ടി നാരായണൻ, ഡോ. വിനോയ് ജോസഫ്, ഡോ. കെ.പി രാജേഷ് എന്നിവർ സെമിനാറിൽ പങ്കെടുക്കും. വൈകീട്ട് താവക്കര കണ്ടോൺമെന്റ് മൈതാനത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ ഡോ.പി.ജെ വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഏകതാളം ഒരുക്കുന്ന മെഗാ മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.

ജനുവരി മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് ഗവ. സിറ്റി ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ഡോ. ജിസ ജോസ് മുഖ്യപ്രഭാഷണം നടത്തും. അറക്കൽ രാജവംശത്തിന്റെ ചരിത്രത്തെ മുൻനിർത്തി ഡോ. കെ മുഹമ്മദ് സിറാജുദ്ദീൻ സംസാരിക്കും. തുടർന്ന് അനിതാ ഷെയ്ഖ് നയിക്കുന്ന സൂഫി സംഗീതരാവ് അരങ്ങേറും.

 

പൈതൃകോത്സവത്തിന്റെ ഭാഗമായി അറക്കൽ കെട്ട്, സി.എസ്.ഐ ഇംഗ്ലീഷ് ചർച്ച്, പയ്യാമ്പലം, മുരിക്കഞ്ചേരി കേളു സ്മാരകം, കണ്ണൂർ കോട്ട എന്നീ ചരിത്രസ്മാരകങ്ങൾ കോർത്തിണക്കി പൈതൃക പദയാത്രയും സംഘടിപ്പിക്കും.

കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. കെ.വി സുമേഷ് എം.എൽ എ, ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ, കോർപ്പറേഷൻ കൗൺസിലർ ഇ. ബീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഡോ. ഇ. ദിനേശൻ, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ് പ്രിയരാജൻ എന്നിവർ പങ്കെടുത്തു.