<strong>ബാലഘട്ട്</strong>: മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. കന്‍ഹ ദേശീയോദ്യാനത്തിലെ ഖാപ പരിധിയിലുള്ള പരാപൂര്‍ ബൈഗട്ടോള ഗ്രാമത്തിലാണ് സംഭവം നടന്നത്. സുഗ്‌നി ബായ് എന്ന യുവതിയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു യുവതി. ഇതിടെ കടുവ ഇവിടേയ്ക്ക് വരികയും യുവതിയുടെ തലയിൽ കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോൾ കടുവ സ്ത്രീയെ കൊണ്ടുപോയിരുന്നു. ഏകദേശം 300 മീറ്ററോളമാണ് കടുവ യുവതിയെ കൊണ്ടുപോയത്.
തുടർന്ന് കാട്ടിൽ ഉപേക്ഷിച്ച് പോയി. കടുവയുടെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. യുവതിയെ ബൈഹാറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രദേശത്ത് കടുവകളും പുള്ളിപ്പുലികളും മനുഷ്യവാസ കേന്ദ്രങ്ങളില്‍ കയറിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് അധികൃതർ അറിയിച്ചു.
