Home » Blog » Kerala » കടലോളം സ്നേഹം ; പുതിയ പുനർഗേഹം ഭവനങ്ങളിലേക്ക് 84 കുടുംബങ്ങൾ
images - 2026-02-19T184242.385

 

‘സഫലം’ ഭവന സമുച്ചയം മന്ത്രി സജി ചെറിയാൻ നാളെ (ഫെബ്രുവരി 23 ന്) ഉദ്ഘാടനം ചെയ്യും

 

ഉമ്മറപ്പടി വരെ വന്നലയ്ക്കുന്ന തിരമാലകളെ നോക്കി നെടുവീർപ്പിട്ട പുറക്കാട്ടെ തീരദേശ മക്കൾക്ക് ഇനി സമാധാനമായി ഉറങ്ങാം. വേലിയേറ്റത്തിന്റെ ഭീതിയില്ലാതെ, ആത്മാഭിമാനത്തോടെ ശിരസ്സുയർത്തി നിൽക്കാൻ അവർക്കൊരു സുരക്ഷിത താവളം ഒരുങ്ങി . സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ ‘പുനർഗേഹം’ പദ്ധതിയിലൂടെ നിർമ്മിച്ച ‘സഫലം’ ഭവന സമുച്ചയം നാളെ (ഫെബ്രുവരി 23)പുറക്കാട് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത് ഒരു നാടിന്റെ സ്വപ്നവും സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യവുമാണ്.

 

കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു ഇടം ഒരുക്കുന്നതിനൊപ്പം, ആധുനികമായ ജീവിതസൗകര്യങ്ങളും അന്തസ്സുറ്റ നിലനിൽപ്പും ഉറപ്പാക്കാനാണ് സർക്കാർ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

 

മഴക്കാലമെത്തിയാൽ പുറക്കാട്ടെ ഓരോ വീടും സമരഭൂമിയാണ്. കടൽ കയറി വരുമോയെന്ന ഭീതിയിൽ വീട്ടുപകരണങ്ങൾ കെട്ടിപ്പെറുക്കി ക്യാമ്പുകളിലേക്ക് ഓടിയിരുന്ന ദുരിതകാലത്തിനാണ് വിരാമമാകുന്നത്. തീരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ആദ്യഘട്ടത്തിൽ സുരക്ഷിതമായ ഈ ഫ്ലാറ്റുകളിലേക്ക് കുടിയേറുന്നത്.

 

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട 40 കുടുംബങ്ങളും പുനർഹം പദ്ധതിയുടെ ഭാഗമായ 44 മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നു.

 

റവന്യൂ വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഈ പദ്ധതിയിൽ ആകെ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ പൂർത്തിയായ 84 വീടുകളാണ് നാളെ കൈമാറുന്നത്. പദ്ധതി പൂർണ്ണമായി നടപ്പിലാകുന്നതോടെ കടലാക്രമണത്തിന്റെ ഭീഷണിയിൽ കഴിയുന്ന ഒട്ടനവധി കുടുംബങ്ങൾക്ക് ശാശ്വതമായ ഒരു അഭയസ്ഥാനം കൈവരും.

 

ജില്ലയിൽ ഇതുവരെ 73 കോടിയിലധികം രൂപയാണ് “പുനർഗേഹം” പുനരധിവാസ പദ്ധതിക്കായി മാത്രം സർക്കാർ ചെലവഴിച്ചത്. ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറിതാമസിച്ചു കഴിഞ്ഞു. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വെക്കാനും, 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്ക് ധനസഹായങ്ങളും നൽകി.

 

ഉദ്ഘാടനം നാളെ

 

ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 2.30-ന് മണ്ണുംപുറം ഫ്ലാറ്റ് സമുച്ചയ അങ്കണത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവ്വഹിക്കും. അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ആത്മവിശ്വാസത്തിന്റെ വലിയ മേൽക്കൂരയ്ക്ക് കീഴിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നത് നാട് അഭിമാനത്തോടെ സാക്ഷിയാവുകയാണ്.