Home » Blog » Kerala » ഒരു പാരഡി പാട്ടിൽ കലങ്ങിപ്പോകുന്നതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം : വിവാദങ്ങൾക്ക് മറുപടിയുമായി ഇ പി ജയരാജൻ
EP-Jayarajan-680x450

പോറ്റിയെ കേറ്റിയെ’ പാരഡി ഗാനവിവാദത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഒരു പാരഡി പാട്ടിൽ കലങ്ങിപ്പോകുന്നതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ഏതാനും വോട്ടുകൾക്കായി കോൺഗ്രസ് നടത്തുന്ന ഇത്തരം ശ്രമങ്ങളെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുമ്പോഴും ദൈവത്തെയും വിശ്വാസത്തെയും തെറ്റായ രീതിയിൽ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ച് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇടതുപക്ഷ സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇ.പി. ജയരാജൻ ആവർത്തിച്ചു. ശബരിമല പോലൊരു ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രത്തെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ബോധപൂർവം ശ്രമിക്കുകയാണ്. സ്വർണപ്പാളി വിഷയത്തിൽ കോടതി ആവശ്യപ്പെട്ട പ്രകാരം സത്യസന്ധമായ അന്വേഷണമാണ് സർക്കാർ നടത്തിയത്. ആരെയും സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും നീതിപൂർവമായ നിലപാട് സ്വീകരിക്കുന്ന സർക്കാരിനൊപ്പം വിശ്വാസികളും വോട്ടർമാരും ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പാർലമെന്റ് വളപ്പിൽ പാരഡി പാടിയ യുഡിഎഫ് എംപിമാരുടെ നടപടിയെയും അദ്ദേഹം പരിഹസിച്ചു. പാർലമെന്റ് എന്നാൽ പാട്ടുപാടാനുള്ള കേന്ദ്രമാണെന്ന് കോൺഗ്രസ് എംപിമാർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തെ ബാധിക്കുന്നതോ ജനങ്ങളെ ബാധിക്കുന്നതോ ആയ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കാതെ ഇത്തരം തരംതാഴ്ന്ന പരിപാടികൾക്കാണ് അവർ മുൻഗണന നൽകുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.