വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി.സി. ജോർജ്. തന്റെ വിജയത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. പൂഞ്ഞാറിൽ താൻ ജയിക്കുന്നതിനൊപ്പം പാലായിൽ മകൻ ഷോൺ ജോർജും അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അച്ഛനും മകനും ഒന്നിച്ച് സഭയിലെത്തുന്ന അപൂർവ്വ കാഴ്ചയ്ക്കായിരിക്കും ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണെന്നും കേരളത്തിൽ ബിജെപി ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇത്തവണ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നാണ് പി.സി. ജോർജിന്റെ വിലയിരുത്തൽ. യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെങ്കിലും എൽഡിഎഫ് പ്രകടനം അത്ര മോശമാകില്ല. അതേസമയം, 11 സീറ്റുകളിൽ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പ്രവചിച്ചു. കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും സഖ്യത്തിലാണെന്നും, ഇത്തവണ കേരളത്തിലും അവർ ഒന്നിക്കുന്നതിൽ തെറ്റില്ലെന്നും പരിഹസിച്ച അദ്ദേഹം ബിജെപി തത്കാലം പ്രതിപക്ഷത്ത് ഇരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. അടുത്ത തിരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിൽ ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്നും പി.സി. ജോർജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
