Home » Blog » kerala Max » ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം; പ്രതി അഷ്കറിനെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചേർത്ത് റിപ്പാർട്ട് നൽകി
ashkarr-680x450

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ ഒന്നാം പ്രതി അഷ്കറിനെതിരെ എസ്‌സി-എസ്ടി അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തി. കേസ് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഇനി കൈകാര്യം ചെയ്യുക. ഇതുസംബന്ധിച്ച് റൂറൽ എസ്പി ഔദ്യോഗിക ഉത്തരവിറക്കി.

കേസന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസം അമ്മ അഖില നാഗർകോവിലിൽ പോയിരുന്നോ എന്നത് പോലീസ് പരിശോധിക്കുകയാണ്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രത്യേക പോലീസ് സംഘം നാഗർകോവിലേക്ക് തിരിച്ചു. നാഗർകോവിലിൽ ഡാൻസ് പരിപാടിക്ക് പോയിരുന്നുവെന്നാണ് അഖിലയുടെ മൊഴിയെങ്കിലും, പലപ്പോഴായുള്ള അഖിലയുടെ തമിഴ്‌നാട് യാത്രകളിൽ പോലീസിന് ദുരൂഹതയുണ്ട്.

അർഷിദിന്റെ മരണകാരണം ക്രൂരമായ മർദ്ദനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായിരുന്നു. നെഞ്ചിലേറ്റ ചവിട്ടിൽ ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞതാണ് മരണത്തിന് കാരണമായത്. ഈ ചവിട്ടേറ്റ് ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൂടാതെ കുഞ്ഞിന്റെ തലയിൽ അഞ്ചിടത്ത് നീർക്കെട്ടുണ്ടായതായും കണ്ടെത്തി. ശരീരത്തിൽ ആകെ 91 മുറിവുകളാണുള്ളത്. ഇതിൽ പകുതിയിലധികവും പഴയ മുറിവുകളാണ്. പൊള്ളലേറ്റതും മർദ്ദനമേറ്റതുമായ അടയാളങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നു. കൊലപാതകത്തിന് പ്രേരണ നൽകിയതിനാണ് അമ്മ അഖിലയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പണം തട്ടൽ അടക്കമുള്ള മറ്റ് കേസുകളിലും അഷ്‌കറിനെതിരെ പോലീസ് അന്വേഷണം നടത്തും. വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടുന്നത് ഇയാൾ പതിവാക്കിയിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴികൾ. കഴിഞ്ഞ വെള്ളിയാഴ്ച ചോറ് നൽകുന്നതിനിടെ ഛർദ്ദിച്ചുവെന്ന് പറഞ്ഞ് അഷ്കർ തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ മർദ്ദനവിവരങ്ങൾ പുറത്തുവന്നു. കുഞ്ഞ് കരച്ചിൽ നിർത്താത്തതിനെത്തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നും അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും അഷ്‌കർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഷ്‌കർ കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.