നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എ.ഡി.’യുടെ ഒടിടി പതിപ്പിൽ നിന്നും നടി ദീപിക പദുക്കോണിന്റെ പേര് ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചിത്രത്തിൽ സുമതി എന്ന സുപ്രധാനമായ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്.
അത്രയും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ പേര് നീക്കം ചെയ്തത് ഒട്ടും പ്രൊഫഷണലായ നടപടിയല്ല എന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന വിമർശനം. നേരത്തെ, കൽക്കി രണ്ടാം ഭാഗത്തിൽ നിന്നും ദീപികയെ പുറത്താക്കുന്നതായി നിർമ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചിരുന്നു.
ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്കായി മാറ്റിവെക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനോട് ദീപിക അന്ന് പ്രതികരിച്ചത്, “ഒരുപാട് പുരുഷ സൂപ്പർ താരങ്ങൾ വർഷങ്ങളായി എട്ട് മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നത് രഹസ്യമല്ല, പക്ഷെ അതൊന്നും തലക്കെട്ടായി മാറില്ല,” എന്നായിരുന്നു. ഈ വിവാദങ്ങൾ നിലനിൽക്കെ ഒടിടി പതിപ്പിൽ നിന്നും പേര് നീക്കം ചെയ്തത് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയാണോ എന്ന സംശയമാണ് ആരാധകർ ശക്തമായി ഉന്നയിക്കുന്നത്.
