Home » Blog » Kerala » ഒടിഞ്ഞ കാലുമായി കഠിനമായ വേദന സഹിച്ചു, ആ സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടു: കിച്ച സുദീപ്
Untitled-1-Recovered-18-680x450

വിക്രം നായകനായ തമിഴ് ചിത്രം ‘സേതു’വിന്റെ കന്നഡ റീമേക്കിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടൻ കിച്ച സുദീപ്. ആ വെല്ലുവിളി ഏറ്റെടുത്ത സുദീപിന് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രേക്കാണ് ആ സിനിമ സമ്മാനിച്ചത്. തന്റെ അച്ഛൻ നൽകിയ അന്ത്യശാസനവും സിനിമ വിജയിപ്പിക്കണമെന്ന വാശിയും ഈ പ്രോജക്റ്റിൽ തന്നെ ഉറച്ചുനിൽക്കാൻ പ്രേരിപ്പിച്ചുവെന്ന് താരം വെളിപ്പെടുത്തി.

ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ചും സുദീപ് മനസുതുറന്നു. ഷൂട്ടിംഗിന്റെ ഏഴാം ദിവസം തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുകയും കാൽ പൂർണ്ണമായും ഒടിയുകയും ചെയ്തു. എന്നാൽ സിനിമ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഒടിഞ്ഞ കാലുമായി കഠിനമായ വേദന സഹിച്ചാണ് താരം ചിത്രീകരണം പൂർത്തിയാക്കിയത്. ഒരുപക്ഷേ ആ സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ അഭിനയം നിർത്തി ഹോട്ടലിൽ ജോലിക്കു പോകേണ്ടി വരുമായിരുന്നുവെന്നും ആ സമ്മർദ്ദമാണ് തന്നെ ഇത്രയധികം കഷ്ടപ്പെടാൻ പ്രേരിപ്പിച്ചതെന്നും സുദീപ് കൂട്ടിച്ചേർത്തു

തമിഴിൽ വിക്രമിന്റെ അഭിനയജീവിതം മാറ്റിമറിച്ച ബാല ചിത്രം ‘സേതു’വിന്റെ കന്നഡ റീമേക്കായ ‘ഹുച്ച’യിലൂടെയാണ് കിച്ച സുദീപ് തന്റെ കരിയറിലെ വഴിത്തിരിവ് കണ്ടെത്തിയത്. ഓം പ്രകാശ് റാവു സംവിധാനം ചെയ്ത ഈ ചിത്രം ഇളയരാജയുടെ സംഗീതം കൊണ്ടും പ്രമേയത്തിന്റെ തീവ്രത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്രമിനെപ്പോലെ തന്നെ സുദീപിനും വലിയ ജനപ്രീതി നേടിക്കൊടുത്ത ഈ സിനിമയ്ക്ക് ശേഷം, ഇപ്പോൾ ആരാധകർ കാത്തിരിക്കുന്നത് സുദീപിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘മാർക്ക്’ എന്ന സിനിമയ്ക്ക വേണ്ടിയാണ്. വിജയ് കാർത്തികേയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം കിച്ച ക്രിയേഷൻസും സത്യജ്യോതി ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് സംഗീതം പകരുന്ന ചിത്രത്തിൽ നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.