പനാജി: സ്വാതന്ത്ര്യദിനാഘോഷ വേളയിലെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ഉയർത്തിയ വിവാദങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ന്യൂഡൽഹിയിൽ നടന്ന കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുടെ പെരുമാറ്റം വന്ദേമാതരത്തോടുള്ള അനാദരവാണെന്ന് ബി.ജെ.പി വിമർശിച്ചിരുന്നു. ഇതിനെതിരെ പരസ്യമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്തുവരികയും, മുൻ ബി.ജെ.പി എം.പി നരേന്ദ്ര സവായ്കർ പോണ്ട പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ബി.ജെ.പിയുടെ വന്ദേമാതരം ആലപിച്ചുള്ള രാജ്യ രാജ്യസ്നേഹ അവകാശവാദങ്ങളെ ഖാർഗെ രൂക്ഷമായി വിമർശിച്ചു. “ഏത് ബി.ജെ.പിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർ.എസ്.എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? ഞങ്ങൾ രാജ്യത്തിനെതിരാണെന്നും ദേശവിരുദ്ധരാണെന്നും അവർ പറയുന്നു. യഥാർഥത്തിൽ ദേശവിരുദ്ധർ അവരാണ്” – ഖാർഗെ പറഞ്ഞു.
വിമർശനങ്ങൾക്ക് പുറമെ നിലവിൽ ഗോവയിൽ കോൺഗ്രസ് പാർട്ടി നേരിടുന്ന ഭിന്നതകൾ പരിഹരിക്കുകയും സംസ്ഥാന പാർട്ടി അധ്യക്ഷനായി ഗിരീഷ് ചോഡങ്കറിന്റെ തിരിച്ചുവരവിനെച്ചൊല്ലി പാർട്ടിയിൽ ഗ്രൂപ്പ് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നത് പരിഹരിക്കാനും ഖാർഗെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കറെ അനുകൂലിക്കുന്നവരും യോഗത്തിലുണ്ടായിരുന്നു. പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൂറുമാറിയവരെ പരാജയപ്പെടുത്തി ഇരട്ടി സീറ്റുകൾ നേടാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
