f648c7d4ebed782858f6f768bb855f542b9d714d25d3ef870c8f289f50e394fa.0

ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറാത്തതുമായി ബന്ധപ്പെട്ട് ബിസിസിഐ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വി മറുപടി നൽകി. ട്രോഫി ഉടൻ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈക്കിയ നഖ്‌വിക്ക് ഇ-മെയിൽ അയച്ചിരുന്നു. മറുപടി ലഭിച്ചില്ലെങ്കിൽ ഐസിസിയെ സമീപിക്കുമെന്നും ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു.

പാക് മാധ്യമപ്രവർത്തകൻ ഫൈസാൻ ലഖാനിയുടെ റിപ്പോർട്ട് അനുസരിച്ച്, ട്രോഫി കൈമാറാൻ തയ്യാറാണെന്ന് നഖ്‌വി ബിസിസിഐയെ അറിയിച്ചു. നവംബർ ആദ്യവാരം ഇതിനായി ഒരു ചടങ്ങ് സംഘടിപ്പിക്കാമെന്നും, ഏതെങ്കിലും ഒരു കളിക്കാരനെ അയച്ചാൽ അദ്ദേഹത്തിന്റെ കൈയിൽ ട്രോഫി കൈമാറാമെന്നുമാണ് നഖ്‌വി ബിസിസിഐയോട് ആവശ്യപ്പെട്ടത്. നിലവിൽ ഏഷ്യാ കപ്പ് ട്രോഫി ദുബായിലെ എസിസി ആസ്ഥാനത്താണ് സൂക്ഷിച്ചിരിക്കുന്നത്.

പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് ഈ വിവാദം ഉടലെടുത്തത്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷസമയത്ത് നഖ്‌വി നടത്തിയ ഇന്ത്യാവിരുദ്ധ പ്രസ്താവനകൾ കാരണം, അദ്ദേഹത്തിൽ നിന്ന് കിരീടം ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചിരുന്നു. മറ്റൊരാളുടെ കൈയിൽ നിന്ന് ട്രോഫി സ്വീകരിക്കാമെന്ന് ടീം അറിയിച്ചെങ്കിലും നഖ്‌വി ട്രോഫി കൈമാറാതെ സ്റ്റേഡിയം വിടുകയായിരുന്നു. പിന്നീട്, ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് താൻ തന്നെ ട്രോഫി നൽകുമെന്ന് നഖ്‌വി അറിയിച്ചെങ്കിലും ബിസിസിഐ ആ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ബിസിസിഐ വീണ്ടും എസിസിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *