കൊച്ചി: പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഏപ്രിൽ 1 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ രാജ്യവ്യാപമായി 4 കോടിയിലധികം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. മെയ് 12ന് മാത്രം 12.3 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെയുള്ള ചെറു സിലിണ്ടറുകളുടെ വിതരണവും ശക്തിപ്പെടുത്തി. 5 കിലോയുടെ 8,27,039 സിലിണ്ടറുകളും 2 കിലോയുടെ 27,298 സിലിണ്ടറുകളുമാണ് വിതരണം ചെയ്തത്. വിതരണത്തിലെ അച്ചടക്കവും നിരീക്ഷണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനവുമാണ് ഉപഭോക്താക്കൾക്ക് യഥാസമയം പാചകവാതകം ഉറപ്പാക്കാൻ സഹായിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിൽ 99.5 ശതമാനവും സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഓൺലൈൻ മുഖേനയാണ്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം ഇക്കാലയളവിൽ നടന്ന 6424 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 177 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 34 വിതരണ ഏജൻസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിനെത്തിച്ച 4155 സിലിണ്ടറുകൾ പിടിച്ചെടുത്തു.
