സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
രാജ്യത്തെ എൽപിജി പ്രതിസന്ധി പരിഹരിക്കുന്നതിനായി നിലവിലുള്ള 14.2 കിലോ സിലിണ്ടറുകളിൽ 10 കിലോ മാത്രം ഗ്യാസ് നിറച്ച് വിതരണം ചെയ്യാൻ എണ്ണക്കമ്പനികൾ ആലോചിക്കുന്നു. സംഘർഷത്തെത്തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഇറക്കുമതിയിലെ കുറവുമാണ് ഇത്തരമൊരു നടപടിയിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്നത്. പരിമിതമായ സ്റ്റോക്ക് ഉപയോഗിച്ച് കൂടുതൽ കുടുംബങ്ങളിലേക്ക് ഗ്യാസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 14 കിലോ സിലിണ്ടറിൽ 10 കിലോയെന്ന സ്റ്റിക്കർ പതിപ്പിച്ചായിരിക്കും വിതരണം ചെയ്യുക. ഗ്യാസിന്റെ അളവ് കുറയുന്നതിനനുസരിച്ച് സിലിണ്ടർ വിലയിലും ആനുപാതികമായ കുറവ് വരുത്തും.
സാധാരണ ഗതിയിൽ ഒരു സിലിണ്ടർ 35-40 ദിവസം വരെ ലഭിക്കാറുണ്ടെങ്കിൽ, 10 കിലോ സിലിണ്ടർ ഏകദേശം ഒരു മാസം വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. എൽപിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകൾ ഹോട്ടലുകളും ചായക്കടകളും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. വിതരണത്തിലെ സമയപരിധിയും മറ്റ് നിയന്ത്രണങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എണ്ണക്കമ്പനികൾക്കും വിതരണക്കാർക്കും സർക്കാർ നിർദ്ദേശം നൽകി.
