Home » Blog » kerala Max » എൽഡിഎഫിന്റെ പരാജയത്തിൽ രക്തസാക്ഷി കുടുംബങ്ങൾ പോലും സന്തോഷിക്കും; ഷാഫി പറമ്പിൽ
starfish-2

കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സംസ്ഥാന സർക്കാരിന് ജനം എക്സിറ്റ് അടിച്ച് കഴിഞ്ഞുവെന്നും ഷാഫി പറമ്പിൽ എംപി. ഭൂരിഭാഗം മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരുടെ പട്ടികയിലുണ്ടാകുമെന്നും, പാർട്ടിയുടെ രക്തസാക്ഷി കുടുംബങ്ങൾ പോലും എൽഡിഎഫിന്റെ പരാജയത്തിൽ സന്തോഷിക്കുമെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. പ്രചാരണത്തിൽ സമുദായ കളർ കൊടുക്കാൻ ശ്രമിച്ച സിപിഎമ്മിനുള്ള ശക്തമായ തിരിച്ചടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലം. കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട മറ്റൊരു കാലമില്ലെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമന്യേ ജനങ്ങളുടെ വലിയൊരു ഏകീകരണമാണ് യുഡിഎഫിന് അനുകൂലമായി ഉണ്ടായതെന്നും ഷാഫി അവകാശപ്പെട്ടു.

കാഫിർ, ഖൗം തുടങ്ങിയ പദങ്ങൾ സിപിഎം തെരഞ്ഞെടുപ്പ് ആയുധമാക്കിയത് പാർട്ടി ഗൗരവമായി വിലയിരുത്തണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ബിജെപി ഹിജാബ് പോലുള്ള വിഷയങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കുന്ന അതേ ശൈലിയാണ് കേരളത്തിൽ സിപിഎം ആവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം പോലെ കൂട്ടുണ്ടാക്കുന്നതിൽ പാർട്ടിക്കുള്ളിലെ സഖാക്കൾക്ക് തന്നെ കടുത്ത പ്രതിഷേധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്നും ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ അഭിപ്രായം പറയാൻ കോൺഗ്രസിൽ ആർക്കും തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.