രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർ.എസ്.എസും ബി.ജെ.പിയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കൂടാതെ ആർ.എസ്.എസിനെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. പട്ടേലിനെ കോൺഗ്രസ് മറന്നു എന്ന് പറയാൻ സംഘപരിവാറിന് അവകാശമില്ലെന്നും ഖാർഗെ ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിൽ ചരിത്രവും സത്യവും മൂടിവയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഖാർഗെ ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ആർ.എസ്.എസിൽ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വല്ലഭായി പട്ടേലിന്റെ കാലത്താണ് കൊണ്ടുവന്നതെന്നും, എന്നാൽ മോദി സർക്കാരാണ് അത് എടുത്തു കളഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നെഹ്റുവും സർദാർ പട്ടേലും തമ്മിൽ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു
