കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ ചത്ത പാമ്പിനെ കണ്ടെത്തി. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വന്ദേഭാരതിന്റെ സി-6 കോച്ചിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ വണ്ടി പുറപ്പെടുന്നതിന് മുൻപാണ് സീറ്റിൽ പാമ്പിനെ കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ റെയിൽവേ ശുചീകരണത്തൊഴിലാളികൾ എത്തി പാമ്പിനെ നീക്കം ചെയ്ത ശേഷമാണ് തീവണ്ടി പുറപ്പെട്ടത്.
എറണാകുളത്തെ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനു വർഗീസ് ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമൊപ്പം കോയമ്പത്തൂരിലേക്ക് പോകാനായാണ് വന്ദേഭാരതിൽ കയറിയത്.
സീറ്റിലിരുന്നപ്പോഴാണ് തൊട്ടടുത്ത സീറ്റിൽ പാമ്പ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ആദ്യം ഭയന്നെങ്കിലും പിന്നീട് പാമ്പ് ചത്തതാണെന്ന് മനസ്സിലായി. അണലി പാമ്പിന് മുകളിൽ ഭാരമുള്ള എന്തോ വെച്ചതാകാം മരണകാരണമെന്നാണ് വിനുവിന്റെ സംശയം. സംഭവത്തിന് പിന്നാലെ ‘റെയിൽമദദ്’ പോർട്ടലിലൂടെ പരാതി നൽകി. തുടർന്ന് റെയിൽവേ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ മാറ്റുകയായിരുന്നു.
