Home » Blog » Kerala » “എന്ത് ഊളത്തരവും വിളിച്ച് പറയുന്ന പിതാക്കൻമാരുണ്ട്, ചിലർക്ക് ബിജെപി എന്ന് കേട്ടാൽ ഹാൽ ഇളകും, ഇവർക്കൊന്നും തലക്ക് സ്ഥിരതയില്ല, രാജ്യത്ത് ആകെ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനിയുള്ളൂ, പിന്നെന്തിനാ ഇങ്ങനെ കിടന്നുചാടുന്നത്? – പി സി ജോർജ്
13

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്‌സിആർഎ)യിൽ ആശങ്ക ഉന്നയിച്ച ബിഷപ്പുമാരെ അടച്ചാക്ഷേപിച്ച് പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. “എന്ത് ഊളത്തരവും വിളിച്ച് പറയുന്ന പിതാക്കൻമാരുണ്ട്. ബിജെപി എന്ന് കേട്ടാൽ ഹാൽ ഇളകും. ഇവർക്കൊന്നും തലക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദ​ഗതിയിൽ ആർക്കും ആശങ്ക വേണ്ട. ബിജെപിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ല.” – അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിൽ രണ്ടേകാൽ ശതമാനം മാത്രമേ ക്രിസ്ത്യാനിയുള്ളൂ. പിന്നെന്തിനാ ഇങ്ങനെ കിടന്നുചാടുന്നത്. ബിജെപിയുടെ മാന്യതകൊണ്ടാണ് അവരെ ചുമന്നുകൊണ്ടു നടക്കുന്നത്. ഇതൊക്കെ ഒളിച്ചുവച്ചുകൊണ്ട് പിതാക്കന്മാർ ഊളത്തരം പറയാൻ പാടില്ല.” – പി.സി ജോർജ് പറഞ്ഞു. “കോൺ​ഗ്രസ് ഭരിച്ചപ്പോ പോലും ഇത്രയും ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ? ഇതൊക്കെ ഒളിച്ചുവെച്ച് കൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.” – അദ്ദേഹം വിമർശിച്ചു.

അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്സിആർഎ ബില്ലിനെതിരെ വിവിധ ക്രൈസ്തവ സഭാനേതൃത്വം രം​ഗത്തെത്തിയിരുന്നു. പുതിയ ബില്ല് ഭരണഘടനാ വരുദ്ധവും വ്യക്തികളുടേയും പൗരൻമാരുടേയും അവകാശത്തിന് വിരുദ്ധവുമാണെന്ന് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിമർശിച്ചു. പുതിയ ബില്ല് ആശങ്കയുണ്ടാക്കുന്നതാണ്. സ്വത്തുകൾ കണ്ടുകിട്ടാനുള്ള വ്യവസ്ഥ ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.