ചെന്നൈ: താൻ ഒരു സ്റ്റാർ കിഡ് ആണെന്ന കാര്യം അംഗീകരിക്കുന്നുവെന്നും അത് വഴി തനിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് നടൻ ധ്രുവ് വിക്രം. തമിഴ് സിനിമയിലെ പ്രമുഖ നടനായ വിക്രമിന്റെ മകനായ ധ്രുവ്, സിനിമാ മേഖലയിലെ നെപ്പോട്ടിസം എന്ന വിഷയത്തിൽ മനസ്സ് തുറക്കുകയായിരുന്നു.
“ഞാൻ ഒരു സ്റ്റാർ കിഡ് ആണെന്നും അത് വഴി അവസരങ്ങൾ കിട്ടുന്നുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷേ, ആളുകൾ എന്നെ സ്വീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും ഇന്ത്യൻ സിനിമയിൽ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. അതുവരെ ഞാൻ എൻ്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും,” ധ്രുവ് വിക്രം പറഞ്ഞു.
2019-ൽ ‘അർജുൻ റെഡ്ഡി’യുടെ റീമേക്ക് ആയ ‘ആദിത്യ വർമ’യിലൂടെയാണ് ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ മാരി സെൽവരാജ് ചിത്രം ‘ബൈസൺ’ ആണ്. ഒരു കബഡി കളിക്കാരന്റെ വേഷത്തിലാണ് ധ്രുവ് ചിത്രത്തിൽ എത്തുന്നത്. ‘ബൈസൺ’ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനവും വലിയ ചർച്ചയായിട്ടുണ്ട്.
നിർമ്മാണത്തിലും ബോക്സ് ഓഫീസിലും വിജയം
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സ് പങ്കാളികളാകുന്ന ‘ബൈസൺ’ റിലീസിനു മുൻപേ സാമ്പത്തിക വിജയം നേടിയിരുന്നു. 7 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിക്കും ഡിജിറ്റൽ സ്ട്രീമിങ് അവകാശം 18 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ധ്രുവ് വിക്രമിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നിവാസ് കെ പ്രസന്നയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
