
തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച ബിജെപി നേതാക്കൾക്ക് ചുട്ട മറുപിയുമായി കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ വിദ്യാഭ്യാസ യോഗ്യത തനിക്കുണ്ടെന്നും, അദ്ദേഹത്തേക്കാൾ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ സാധിക്കുമെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
“പ്രിയങ്ക് ഖർഗെയുടെ വിദ്യാഭ്യാസ യോഗ്യത എന്താണ്? വിവരാവകാശ നിയമം പോലും അത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല,” എന്നായിരുന്നു ചാലവടി നാരായണസ്വാമിയുടെ ചോദ്യം. എന്നാൽ തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായറിയാമെന്ന് പ്രിയങ്ക് ഖാർഗെ തിരിച്ചടിച്ചു. “ഞാനൊരു ഗ്രാഫിക് ഡിസൈനറാണെന്ന് ലോകത്തിന് അറിയാം. അതിലെന്താണ് പ്രശ്നം? നരേന്ദ്ര മോദിയേക്കാൾ വിദ്യാഭ്യാസ യോഗ്യതയും മികച്ച ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവും എനിക്കുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ‘കോൺവെന്റ് ദളിത്’ എന്ന ആക്ഷേപം ഉന്നയിക്കുന്ന ബിജെപി നേതാക്കൾക്കുള്ള മറുപടിയായും പ്രിയങ്ക് ഖാര്ഗെ രംഗത്തെത്തി. അദമരു മഠം നടത്തുന്ന സ്കൂളിലാണ് താൻ പഠിച്ചതെന്നും, ബിജെപി നേതാക്കളുടെ മക്കളാണ് കോൺവെന്റ് സ്കൂളുകളിൽ പഠിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. സംസ്കൃതം വായിക്കാനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെയും മന്ത്രി വിമർശിച്ചു. കന്നഡിഗരുടെ നികുതിപ്പണം വാങ്ങാൻ വേണ്ടി മാത്രമാണ് മോദി കർണാടകയിലേക്ക് വരുന്നതെന്ന് ആരോപിച്ച അദ്ദേഹം, ദുരന്തനിവാരണ ഫണ്ട് ചോദിച്ചിട്ട് കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തി. മൈസൂരുവിനെ പാരീസ് ആക്കുമെന്നും ബെംഗളൂരുവിനെ ലോകപ്രശസ്തമാക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനങ്ങൾ പാഴായെന്നും, അദ്ദേഹത്തിൽ നിന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു. വന്ദേമാതരം മുഴുവനായി പാടാൻ വെല്ലുവിളിച്ച് നേരത്തെയും ബിജെപി നേതാക്കൾക്ക് പ്രിയങ്ക് ഖാർഗെ മറുപടി നൽകിയിരുന്നു.
