Home » Blog » kerala Max » എംപിയുടെ ഡ്രൈവറായിരുന്നപ്പോൾ പ്രശ്നമില്ലായിരുന്നു; വിമർശനങ്ങൾക്ക് മറുപടിയുമായി കെ.എ. തുളസി
k-a-thulasi

<strong>പാലക്കാട്</strong>: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ എ തുളസി. നേരത്തെ എംപിയുടെ ഡ്രൈവറായി ജോലി ചെയ്ത ആളെയാണ് തന്റെ ഡ്രൈവറായി നിയമിച്ചതെന്നും അദ്ദേഹത്തിന്റേത് കോണ്‍ഗ്രസ് കുടുംബം ആണെന്നും കെ എ തുളസി പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഡ്രൈവര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിച്ചാല്‍ സ്റ്റാഫില്‍ നിന്നും പിരിച്ചുവിടാമെന്നും മന്ത്രി പറഞ്ഞു.’യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചപ്പോഴും നേരത്തെ എംപിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചപ്പോഴും അദ്ദേഹം നല്ലവനായിരുന്നു.

മന്ത്രിയുടെ ഡ്രൈവറായി വന്നപ്പോള്‍ മാത്രം എങ്ങനെ പാര്‍ട്ടി മാറിപ്പോയി എന്ന അതിശയകരമായ മാറ്റം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ അതിശയിച്ചുനില്‍ക്കുകയാണ്. എന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇരിക്കുന്ന ഈ പറയുന്ന ചെറുപ്പക്കാരന്‍ ഡ്രൈവര്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരനെയോ യൂത്ത് കോണ്‍ഗ്രസുകാരനെയോ ആക്രമിച്ച വ്യക്തിയാണെങ്കില്‍, ഡിവൈഎഫ്‌ഐ അംഗത്വമുള്ളയാളാണെങ്കില്‍ അതിന്റെ തെളിവ് നിങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ അടുത്ത നിമിഷം പിരിച്ചുവിടാമെന്ന് പറയാന്‍ ആഗ്രഹിക്കുകയാണ്’, മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തിലെ എംഎല്‍എ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെഎ തുളസി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതകഭീഷണി മുഴക്കിയും നടന്ന സഖാവിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപണം.

ഇത്തരത്തിലാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ മന്ത്രിമാരെ തെരുവില്‍ തടയുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് സതീഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മന്ത്രി ആയതുകൊണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ പ്രയാസം കാണുമെന്നും പ്രവര്‍ത്തകര്‍ക്ക് വേണ്ടി സര്‍ക്കാരില്‍ വാദിക്കാന്‍ കെല്‍പ്പുള്ള മന്ത്രിയല്ലാത്ത യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉടന്‍ വേണമെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.