ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ പേലീസുകാരെ വിട്ടയച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു സിബിഐ. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമായ കസ്റ്റഡി പീഡനം ഉണ്ടായതിനെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നാണ് സിബിഐ വാദം. പ്രതികൾ പോലീസുകാരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സിബിഐ അഭിഭാഷകൻ വ്യക്തമാക്കി. ഇതോടെ പ്രതികളായ പോലീസുകാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സ്റ്റേഷനിൽ ഉദയകുമാറിനെ പോലീസുകാർ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിൻറെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അർബുദബാധയെ തുടർന്ന് 2020 ൽ മരിച്ചു.
കൊലക്കുറ്റം, ക്രൂരമർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യേക കോടതി മൂന്നു വർഷം തടവും പിഴയും വിധിച്ച മുൻ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയായിരുന്ന ടി അജിത്കുമാർ എന്നിവരെയും ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
