Home » Blog » Maha Sivarathri 2026 » ഈ വർഷത്തെ ശിവരാത്രി അതിവിശിഷ്ടം, ഇങ്ങനെ വ്രതമെടുത്തോളൂ ഇരട്ടിഫലം ലഭിക്കും
3

ശിവപ്രീതിക്കായുള്ള എട്ടുവ്രതങ്ങളിൽ ഒന്നാണ് മഹാശിവരാത്രി വ്രതം. ശിവരാത്രി കൃഷ്ണചതുർദ്ദശി തിഥിയെ അടിസ്ഥാനമാക്കി അനുഷ്ഠിക്കപ്പെടുന്ന വ്രതമാണ്. ‘ശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ സകലപാപങ്ങളും നശിക്കും’ എന്നാണ് വിശ്വാസം. ഇക്കൊല്ലത്തെ ശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ്.

പാലാഴി മഥനം നടത്തിയപ്പോൾ പുറത്തുവന്ന കാളകൂടവിഷം ലോക രക്ഷാർഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനിയുണ്ടാകാതിരിക്കാൻ പാർവതീദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. ഈ സമയം വിഷം വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു പരമേശ്വരന്റെ വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം ശിവന്റെ കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് ‘നീലകണ്ഠൻ’ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീദേവി ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി.

വ്രതാനുഷ്ഠാനം

ശിവരാത്രിയുടെ തലേന്നു മുതൽ വ്രതം ആരംഭിക്കാം. ഈ വർഷം ശിവരാത്രിയുടെ തലേദിവസം മഹാദേവന് പ്രാധാന്യമുള്ള പ്രദോഷം വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. തലേന്ന് ഒരിയ്ക്കലോടെ വ്രതം ആരംഭിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. ശിവരാത്രി നാളിൽ അതിരാവിലെ ഉണർന്ന് ശരീരശുദ്ധി വരുത്തി നിലവിളക്ക് കൊളുത്തി ശിവ നാമങ്ങൾ ജപിക്കുക. സാധിക്കുന്നവർ ശിവക്ഷേത്ര ദർശനം നടത്തുക. പൂർണ ഉപവാസം ഉത്തമം. അതിനു സാധിക്കാത്തവർക്ക് ഒരിയ്ക്കലെടുക്കാം. ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാവുന്നതാണ്. അന്നേദിവസം പഞ്ചാക്ഷരീ മന്ത്രം, ബില്യാഷ്ടകം, ശിവസഹസ്രനാമം, ശിവപുരാണപാരായണം എന്നിവ ഭക്തിപൂർവം ചൊല്ലുക. രാത്രി പൂർണമായി ഉറക്കമിളച്ചു വേണം ശിവരാത്രി വ്രതം അനുഷ്ഠിക്കാൻ.

ഭഗവാന് കൂവളമാല സമർപ്പിക്കുന്നതും കൂവളത്തില കൊണ്ട് അർച്ചന, ജലധാര എന്നിവ നടത്തുന്നതും അതീവ വിശിഷ്ടമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂർവ്വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്. പഞ്ചാക്ഷരീ മന്ത്രമായ ‘ഓം നമഃ ശിവായ’ 108 തവണ ഭക്തിപൂർവം ചൊല്ലുകയോ എഴുതുകയോ ചെയ്യാം. പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർഥം സേവിച്ചുകൊണ്ടു പാരണ വിടാം.

ശിവരാത്രി ദിനത്തിൽ വൈകുന്നേരം ശിവക്ഷേത്രത്തിൽ‌ പുരുഷന്മാർ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകൾ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്ക്കരിക്കുന്നതും നന്ന്. ശിവരാത്രിദിനത്തിലെ ശിവക്ഷേത്രദർശനം മൂലം നമ്മൾ അറിയാതെ ചെയ്ത പാപങ്ങൾ പോലും നശിക്കുമെന്നാണ് വിശ്വാസം. മഹാശിവരാത്രി വ്രതം അവനവനും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമത്രേ. ദമ്പതികൾ ഒന്നിച്ചു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. അന്നേ ദിവസം ബലി തർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ശിവക്ഷേത്ര ദർശന ഫലങ്ങൾ

ശിവനെ രാവിലെ ദർശിച്ചു പ്രാർ‌ഥിച്ചാൽ ശരീരത്തിന് ആരോഗ്യവും മനസ്സിന് ബലവും വർധിക്കും. ഉച്ചയ്ക്ക് പ്രാർഥിച്ചാൽ സമ്പൽസമൃദ്ധമായ ജീവിതം നയിക്കാനുള്ള മാർഗം തെളിയും. വൈകുന്നേരം ദർശനം നടത്തി പ്രാർഥിച്ചാൽ കഷ്ട–നഷ്ടങ്ങൾ മാറി നന്മയുണ്ടാകും. അർദ്ധയാമ പൂജാവേളയിൽ ദർശനം നടത്തി പ്രാർഥിച്ചാൽ ദാമ്പത്യജീവിതം സന്തുഷ്ടമാവുമെന്നും വിശ്വസിക്കപ്പെടുന്നു.