bb-680x450

സാധാരണ കള്ളന്മാർ സ്വർണ്ണവും പണവും ലക്ഷ്യമിടുമ്പോൾ, ഈ ‘പ്രത്യേക താൽപര്യക്കാർ’ ലക്ഷ്യമിട്ടത് റെസ്റ്റോറന്റുകളിലെ ഡൈനിംഗ് കസേരകളായിരുന്നു! അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങളായി ഇവർ റെസ്റ്റോറന്റ് ഉടമകളുടെയും ബാർ ഉടമകളുടെയും ഉറക്കം കെടുത്തുകയായിരുന്നു. ഇപ്പോഴിതാ ഈ വിചിത്ര മോഷണ പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഏഴ് പേരെ സ്പെയിനിന്റെ നാഷണൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കാകുകയാണ് എന്നൊരു വാർത്തയാണ് പുറത്ത് വരുന്നത്.

ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന സംഘം കഴിഞ്ഞ ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള രണ്ട് മാസത്തിനുള്ളിൽ 18 വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം 1,100 കസേരകൾ മോഷ്ടിച്ചതായി റിപ്പോർട്ടുണ്ട്. മോഷ്ടിച്ച കസേരകളുടെ ആകെ മൂല്യം 60,000 യൂറോ (ഏകദേശം 61 ലക്ഷം ഇന്ത്യൻ രൂപ) വരുമെന്ന് കണക്കാക്കുന്നു. മാഡ്രിഡിലെയും തലവേര ഡി ലാ റെയ്‌ന എന്ന ചെറിയ നഗരത്തിലെയും റെസ്റ്റോറന്റുകളായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം.

രാത്രികാലങ്ങളിലാണ് പ്രതികൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. അടച്ചുപൂട്ടിയ ശേഷം പുറത്തെ ഫർണിച്ചറുകൾ ചങ്ങലയിട്ട് ബന്ധിച്ചിരുന്ന സ്ഥലങ്ങളെയാണ് ഇവർ ലക്ഷ്യമിട്ടത്. ശക്തമായ സുരക്ഷാ നടപടികൾ ഉണ്ടായിരുന്നിട്ടും, സംശയം ജനിപ്പിക്കാതെ കസേരകൾ നിശബ്ദമായി നീക്കം ചെയ്യാൻ ഈ ഏകോപിത ക്രിമിനൽ ശൃംഖലയ്ക്ക് കഴിഞ്ഞു.

മോഷ്ടിച്ച റെസ്റ്റോറന്റ് കസേരകൾ സ്പെയിനിൽ മാത്രമല്ല, മൊറോക്കോയിലെയും റൊമാനിയയിലെയും വാങ്ങുന്നവർക്ക് വിതരണം ചെയ്തതായും പോലീസ് അറിയിച്ചു. ഈ പ്രവർത്തനം വളരെ നന്നായി സംഘടിപ്പിക്കപ്പെട്ട ക്രിമിനൽ ശൃംഖലയായി പ്രവർത്തിച്ചുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അറസ്റ്റിലായ പ്രതികൾ ഇപ്പോൾ മോഷണം, ഒരു ക്രിമിനൽ സംഘടനയിൽ അംഗത്വം എന്നീ കുറ്റങ്ങളാണ് നേരിടുന്നത്. ചെറിയ മോഷണങ്ങൾ സാധാരണമാണെങ്കിലും, പുറത്തെ ഇരിപ്പിടങ്ങൾ ഇത്രയും വലിയ തോതിലും ആസൂത്രിതമായും ലക്ഷ്യം വയ്ക്കുന്നത് വളരെ അസാധാരണമാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെസ്റ്റോറന്റ്, ബാർ ഉടമകളോട് ജാഗ്രത പാലിക്കാനും ഔട്ട്‌ഡോർ ഫർണിച്ചറുകൾക്കുള്ള സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനും സ്പാനിഷ് പോലീസ് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *